താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യും
കൊല്ലം: സമ്പൂർണ കൊവിഡ് സെന്ററായി മാറുന്നതിന് മുന്നോടിയായി ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയകൾ നിറുത്തിവച്ചു. കിടത്തി ചികിത്സയിലുള്ളവരുടെ എണ്ണം 138 ആയി താഴ്ന്നു. അടിയന്തര സാഹചര്യമുള്ള രോഗികളെ മാത്രമാണ് പുതുതായി അഡ്മിറ്റ് ചെയ്യുന്നത്.
ചെറുതും വലുതുമായ 25 ഓളം ശസ്ത്രക്രിയകളാണ് പ്രതിദിനം ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. ഇത്തരത്തിലുള്ള ശസ്ത്രക്രിയ ആവശ്യമുള്ളവരെയെല്ലാം താലൂക്ക് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ്. ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഈ മാസം 20 മുതലാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിന് പുറമേ ജില്ലാ ആശുപത്രിയും സമ്പൂർണ കൊവിഡ് സെന്റാക്കുന്നത്. കഴിഞ്ഞ ആഴ്ച മുതൽ ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.
ഒ.പി പ്രവർത്തനവും നിറുത്തും
20ന് തന്നെ സമ്പൂർണ കൊവിഡ് സെന്ററായി മാറിയാൽ ആ ദിവസം മുതൽ ജില്ലാ ആശുപത്രിയിൽ ഒ.പി പ്രവർത്തിക്കില്ല. കാത്ത് ലാബ്, ഡയാലിസിസ്, കീമോതെറാപ്പി, കാഷ്വാലിറ്റി എന്നീ വിഭാഗങ്ങൾ പ്രവർത്തിക്കും. പ്രധാന കെട്ടിടമാകും കൊവിഡ് ആശുപത്രിയായി മാറുന്നത്. കൊവിഡ് ചികിത്സയ്ക്ക് നിയോഗിക്കുന്ന ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും മറ്റ് താലൂക്ക് ആശുപത്രികളിലേക്ക് മാറ്റുന്ന ഡോക്ടർമാരുടെയും പട്ടിക തയ്യാറായിട്ടുണ്ട്.
കഴിഞ്ഞയാഴ്ച കിടത്തി ചികിത്സയിൽ ഉണ്ടായിരുന്നവർ: 262
ഇന്നലെ കിടത്തി ചികിത്സയിൽ ഉള്ളവർ : 138
ആകെ കിടക്കകൾ: 537
കൊവിഡ് ചികിത്സയ്ക്ക് സജ്ജമാക്കുന്ന കിടക്കകൾ: 350
4 വെന്റിലേറ്ററുകൾ കൂടി
പ്രത്യേക പരിചരണം ആവശ്യമുള്ള കൊവിഡ് ബാധിതരെ ചികിത്സിക്കാൻ ജില്ലാ ആശുപത്രിയിൽ നാല് വെന്റിലേറ്ററുകൾ കൂടി ഉടൻ സ്ഥാപിക്കും. നിലവിൽ ആറ് വെന്റിലേറ്ററുകൾ ഉണ്ട്.