പൂപ്പാടങ്ങൾ ഉഴുതുമറിച്ച് കർഷകർ
പുനലൂർ: തമിഴ്നാട്ടിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് പൂവ് വിളവെടുപ്പ് രണ്ടര മാസത്തിലേറെയായി മുടങ്ങിയതോടെ കർഷകർ ചെടികൾ വ്യാപകമായി നശിപ്പിക്കുന്നു. പൂവുകൾ കൊഴിഞ്ഞ് തുടങ്ങിയതോടെ ട്രാക്ടർ ഉപയോഗിച്ച് ചെടികൾ ഉഴുതുമറിച്ച് മറ്റ് കൃഷികളിറക്കാൻ തയ്യാറെടുക്കുകയാണ്. ഇതോടെ കർഷകരും പുഷ്പ വ്യാപാരികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്.
തമിഴ്നാട്ടിലെ ആലംകുളം, തെങ്കാശി, പാവൂർ സത്രം, ചുരണ്ട, ചെങ്കോട്ട തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് ഹെക്ടർ ഭൂമിയിലാണ് പൂഷ്പ കൃഷി ഇറക്കിയിരുന്നത്. കേരളത്തിലെ ക്ഷേത്ര പൂജകൾക്കും മറ്റ് ചടങ്ങുകൾക്കുമായാണ് തമിഴ്നാട്ടിൽ നിന്ന് കൂടുതലായി പുഷ്പങ്ങൾ എത്തിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വിളവെടുപ്പ് മുടങ്ങിയത്. ഇതോടെ വിദേശ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതിയും നിലച്ചു.
ഇതിന് പിന്നാലെ വിവാഹങ്ങളും മറ്റ് വിശേഷ ചടങ്ങുകളും ലളിതമായതോടെ പൂവ് ആവശ്യക്കാരും കുറഞ്ഞു. കടുത്ത പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇത്തവണ ശബരിമല സീസണിലേക്ക് അടക്കമുള്ള പുഷ്പ കൃഷി ഇറക്കാൻ മടിക്കുകയാണ് തമിഴ്നാട്ടിലെ കർഷകർ. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പൂവ് കയറ്റിയെത്തുന്ന വാഹനങ്ങളുടെ വരവ് ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. ഇത് കർഷകർക്ക് വലിയ ആശ്വാസമാണെങ്കിലും ആവശ്യക്കാർ കുറഞ്ഞത് തിരിച്ചടിയാണ്.
പൂക്കാത്ത പ്രതീക്ഷകൾ
1. കേരളത്തിലെ ആവശ്യക്കാർ കുറഞ്ഞത് തിരിച്ചടി
2. വിദേശ കയറ്റുമതിയും നിലച്ചു
3. കടക്കെണിയിൽ പുഷ്പ കർഷകർ
4. മറ്റ് കൃഷികളിലേക്ക് തിരിയുന്നു
5. സാമ്പത്തിക പ്രതിസന്ധിയിൽ വ്യാപാരികൾ
''
കേരളത്തിൽ കച്ചവടം കുറഞ്ഞു. ആവശ്യക്കാരില്ലാത്തതിനാൽ പൂവിറുത്ത ശേഷം തമിഴ്നാട്ടിലെ പാടങ്ങളിലും കാവൽ പുരകളിലും ദിവസങ്ങളോളമായി പൂക്കൾ കെട്ടിക്കിടക്കുന്നു.
സെന്തിൽ, പുഷ്പ കർഷകൻ