photo
പ്ലാച്ചേരി തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർ കരിങ്കൽ ഭിത്തിയിലൂടെ റോഡിലേക്ക് നടക്കുന്നു

കരുനാഗപ്പള്ളി: നിങ്ങൾക്ക് വഴിനടക്കണോ? എങ്കിൽ പഠിച്ചോളൂ കുറച്ച് അഭ്യാസമുറകൾ... കരുനാഗപ്പള്ളി നഗരസഭയിലെ ആലുംകടവ്, ആലപ്പാട് പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങളോട് അധികൃതർ പറയാതെ പറയുന്നതാണ് ഇക്കാര്യം. അത്രമേൽ ക്ലേശം സഹിച്ചാണ് ഇവിടുത്തുകാർ വഴി നടക്കുന്നത്.

വേറെ നടവഴി ഇല്ലാത്തതിനാൽ പ്ളാച്ചേരി തോടിന്റെ വശങ്ങളിൽ നിർമ്മിച്ച കരിങ്കൽ ഭിത്തികൾക്ക് മുകളിലൂടെയാണ് ഇവർ പ്രധാന റോഡിൽ എത്തുന്നത്. തകർത്ത ഭിത്തിയിലെ പൊത്തുകളിൽ പതിയിരിക്കുന്ന വിഷസർപ്പങ്ങളേയും തോട്ടിൽ വീഴുമെന്നുമുള്ള ഭയത്തേയും അതിജീവിച്ചാണ് ദിനംപ്രതി ഈ യാത്ര തുടരുന്നത്. മുതിർന്നവരായാലും കുട്ടികളായാലും രാത്രിക്ക് മുമ്പേ വീട്ടിലെത്തിയില്ലെങ്കിൽ ഇവിടത്തുകാരുടെ നെഞ്ചിൽ തീയാണ്. അത്രയധികം ഭയപ്പെടുത്തുന്ന ഓർമ്മകൾ ഇവർക്കുണ്ട്.

നിരവധി കുട്ടികളാണ് കരിങ്കൽക്കെട്ടിൽ നിന്ന് കാൽവഴുതി തോട്ടിൽ വീണത്. അസുഖബാധിതരെ ആശുപത്രികളിലെത്തിക്കുന്നതിനും സമാനതകളില്ലാത്ത ബുദ്ധിമുട്ട് സഹിക്കണം. കസേരയിൽ ഇരുത്തി ചുമന്നാണ് അസുഖബാധിതരെ റോഡിലെത്തിക്കുന്നത്. ഇതിനിടെ ചുവടൊന്ന് പിഴച്ചാൽ പതിക്കുന്നത് തോട്ടിലേക്കാകും.

വർഷങ്ങളായുള്ള ദുരിതം

ജനങ്ങളുടെ ഈ ബുദ്ധിമുട്ടിന് വർഷങ്ങളുടെ ചരിത്രമുണ്ട്. പരാതി പറഞ്ഞ് മടുത്തിട്ടും നാളിതുവരെ ചെറുവിരലനക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കാലവർഷം കനക്കുന്നതോടെ ഇവരുടെ ദുരിതം ഇരട്ടിയാകും.

കുഞ്ഞുങ്ങളെ ഒക്കത്തിരുത്തിയാണ് അമ്മമാർ റോഡിൽ എത്തിക്കുന്നത്. വൈകുന്നേരങ്ങളിൽ കുട്ടികൾ എത്തുന്നതും കാത്ത് ഇവർ റോഡിൽ നിൽക്കണം. തോട്ടിലെ വെള്ളം കരകവിഞ്ഞ് ഒഴുകുമ്പോൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ കഴിയാത്തതും നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

.........................................
വർഷങ്ങളായി തോട്ടിന്റെ കരയിൽ താമസിക്കുന്ന ഇവർക്ക് സുരക്ഷിതമായി നടന്നുപോകാനുള്ള സൗകര്യമില്ല. തോടിന്റെ കരിങ്കൽ ഭിത്തിയാണ് ഏക ആശ്രയം. കുഞ്ഞുങ്ങൾ കാൽവഴുതി തോട്ടിൽ വീഴുന്നത് പതിവാണ്. ചില സ്വകാര്യ വ്യക്തികൾ ഭൂമി വിട്ടുനൽകാൻ വിസമ്മതിക്കുന്നതാണ് റോഡ് നിർമ്മാണത്തിന് തടസം. ഇത് മാറ്റയെടുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

ബിനുദാസ്, സെക്രട്ടറി എസ്.എൻ.ഡി.പി യോഗം ആദിനാട് തെക്ക് 185-ാം നമ്പർശാഖ