കൊല്ലം: ട്രോളിംഗ് നിരോധനം ആരംഭിച്ചിട്ടും ഹാർബറുകളിൽ മത്സ്യവില കാര്യമായി ഉയർന്നില്ല. നീണ്ടകര ഹാർബറിൽ ചില സമയങ്ങളിൽ ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള ന്യായവിലയേക്കാൾ താഴ്ത്തിയാണ് കഴിഞ്ഞ ദിവസങ്ങളിൽ വില്പന നടന്നത്.
ഒരേയിനം മത്സ്യങ്ങൾ കൂടുതൽ കിട്ടുന്നതാണ് വില ഉയരാതിരിക്കാൻ കാരണം. നീണ്ടകര ഹാർബറിൽ കഴിഞ്ഞ മൂന്ന് ദിവസമായി കരിച്ചാളയും നെത്തോലിയുമാണ് കൂടുതലായി എത്തുന്നത്. ആദ്യമണിക്കൂറുകളിൽ മുൻകൂട്ടി നിശ്ചയിച്ച വിലയ്ക്ക് തന്നെ കച്ചവടക്കാർ വാങ്ങുന്നുണ്ട്. വീണ്ടും അതേയിനം എത്തുമ്പോൾ കച്ചവടക്കാർ പിൻവലിയും. ഇതോടെ മത്സ്യത്തൊഴിലാളികൾ വില കുറച്ച് വിറ്റാണ് വള്ളങ്ങൾ കാലിയാകുന്നത്. കരിച്ചാളയും നെത്തോലിയും ചേർന്നുവരുന്നവ ഒരു കിലോയ്ക്ക് 140 രൂപയാണ് നീണ്ടകരയിലെ വില. എന്നാൽ ഇന്നലെ നൂറ് രൂപയ്ക്ക് വരെ അവസാനഘട്ടത്തിൽ വള്ളക്കാർക്ക് വിൽക്കേണ്ടി വന്നു. നീണ്ടകരയിൽ ചാളയ്ക്ക് കൊല്ലം തീരത്തേക്കാൾ പത്ത് രൂപ കുറവാണ്. എന്നാൽ ചന്തകളിലും വഴിയോര കച്ചവടക്കാരും വണ്ടി കച്ചവടക്കാരും ട്രോളിംഗ് നിരോധനത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ കൊള്ളയടിക്കുകയാണ്.
നീണ്ടകര
കടലിൽ പോകുന്നത്: 100 വള്ളങ്ങൾ
ശരാശരി മത്സ്യം: 100 ടൺ
ഇനം വില
നെയ്മിൻ ചെറുത്: 625
നെയ്മീൻ വലുത്: 700
ചൂര: 250
ചാള: 210
കരിച്ചാള വലുത്: 180
നെത്തോലി വലുത്: 100
നെത്തോലി ചെറുത്: 50