police-caught

കൊല്ലം: നിർബന്ധിത ഗൃഹ നിരീക്ഷണം അവഗണിക്കുന്നവർക്ക് പിടിവീഴും. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ വിദേശത്ത് നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുന്നവർ നിയന്ത്രണങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി പൊലീസിന്റെ ബൈക്ക് പട്രോളിംഗ് ശക്തമാക്കി. ആരോഗ്യ പ്രവർത്തകരുടെ പരിശോധനയും തുടരും. നിയന്ത്രണങ്ങൾ എല്ലാം അവഗണിച്ച് ചിലർ വ്യാപാര കേന്ദ്രങ്ങളിലും റസ്റ്റോറന്റുകളിലും പോകുന്നതായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരാതിയുണ്ട്. നിരീക്ഷണത്തിൽ കഴിയാൻ വീടുകളിൽ സൗകര്യമുണ്ടെങ്കിൽ സർക്കാർ കേന്ദ്രങ്ങളിൽ കഴിയേണ്ടതില്ലെന്നാണ് പുതിയ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ മിക്കവരും വീടുകളിലേക്ക് പോവുകയാണ്. പക്ഷേ വീടുകളിലെത്തുന്നവരിൽ ഒരു ചെറിയ വിഭാഗം നിയന്ത്രണങ്ങളെയും പ്രതിരോധങ്ങളെയും വെല്ലുവിളിക്കുന്നതായാണ് പരാതി. ഇത്തരക്കാർക്കെതിരെ കേസെടുക്കാനും ആവശ്യമെങ്കിൽ സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് തീരുമാനം.