കരുനാഗപ്പള്ളി: വിവാഹ ദിനത്തിൽ കുട്ടികൾക്ക് ടി.വി നൽകി വധൂവരന്മാർ മാതൃകയായി. കരുനാഗപ്പള്ളി കോഴിശ്ശേരിൽ കെ.പി. പ്രസന്നന്റെയും പരേതയായ സിന്ധുവിന്റെയും മകൻ വിഷ്ണു പ്രസാദാണ് ഭാര്യ അനുശ്രുതിക്കൊപ്പം കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെത്തി വിദ്യാർത്ഥികൾക്ക് ടി.വി കൈമാറിയത്. ടി.വിയോ സ്മാർട്ട് ഫോണോ ഇല്ലാത്തതിനാൽ ഓൺലൈൻ പഠന പദ്ധതിയായ ഫസ്റ്റ് ബെല്ലിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കാണ് ടി.വികൾ നൽകിയത്. സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൽ. ഗീതാകുമാരിക്ക് ടെലിവിഷനുകൾ കൈമാറി. തുടർന്ന് . രാജധാനി ജുവലേഴ്സ് നൽകുന്ന ടി.വി മാനേജർ വി. രാജൻ പിള്ളയ്ക്ക് ഷാജഹാൻ രാജധാനി കൈമാറി. ചടങ്ങിൽ സ്കൂൾ പ്രസിഡന്റ് വി.പി. ജയപ്രകാശ് മേനോൻ, പി.ടി.എ പ്രസിഡന്റ് അനിൽ ആർ. പാലവിള, ഷാജഹാൻ രാജധാനി, ഷിഹാബ് എസ്. പൈനുംമൂട്, എൽ.എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.