അഞ്ചൽ: ഉത്ര വധക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളായ സൂരജിനെയും ചാവർകോട് സുരേഷിനെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഫോറസ്റ്റ് അധികൃതർ ഇന്ന് പുനലൂർ കോടതിയിൽ അപേക്ഷ നൽകും.
ഉത്രയെ കടിപ്പിച്ച പാമ്പിനെ കുഴിച്ചിട്ടിടത്ത് നിന്ന് ഫോറസ്റ്റ് അധികൃതർ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. പ്രാഥമിക റിപ്പോർട്ടിൽ കൊന്ന് കുഴിച്ചിട്ട പാമ്പുതന്നെയാണ് ഉത്രയെ കടിച്ചതെന്ന് തെളിഞ്ഞിരുന്നു. രാസപരിശോധനാ ഫലം ലഭ്യമായിട്ടില്ല. നേരത്തെ അഞ്ചൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ കൊട്ടാരക്കര സബ് ജയിലിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ തെളിവെടുപ്പിന്റെ ഭാഗമായാണ് കസ്റ്റഡിയിൽ വാങ്ങുന്നതെന്ന് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ പറഞ്ഞു. ഉത്രയെ കൊലപ്പെടുത്തിയ ഏറത്തെ വിട്ടിലും സൂരജിന്റെ പറക്കോട്ടെ വീട്ടിലും ചാത്തന്നൂരിലും എത്തിച്ച് തെളിവുകൾ ശേഖരിക്കും.