j

കടയ്ക്കൽ: ഛർദ്ദിയെ തുടർന്ന് കുഴഞ്ഞുവീണ പൊലീസുകാരൻ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചു. മലപ്പുറം റിസർവ് ബറ്റാലിയനിലെ പൊലീസുകാരൻ കടയ്ക്കൽ ഇട്ടിവ ചരിപ്പറമ്പ് രോഹിണിയിൽ ചന്ദ്രൻപിള്ളയുടെ മകൻ അഖിലാണ് (കണ്ണൻ -35) മരിച്ചത്.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. വ്യാജമദ്യം ഉള്ളിൽ ചെന്നതാവാം കാരണമെന്ന് കരുതുന്നു. വെള്ളിയാഴ്ച ജോലി സ്ഥലത്തുനിന്ന് നാട്ടിലെത്തിയ അഖിലിന് ഞായറാഴ്ച പുലർച്ചെയാണ് ഛർദ്ദി കലശലായത്. കടയ്ക്കലെ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. നില വഷളായതിനാൽ അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയൽവാസിയുമായ ഗിരീഷിനെ (28) ഛർദ്ദി ഉണ്ടായതിനെ തുടർന്ന് മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനയ്ക്ക് ശേഷമേ പോസ്റ്റ് മോർട്ടം നടത്തുകയുള്ളൂ. അമ്മ: ലീലാമണി (തങ്കക്കുട്ടി). ഭാര്യ: അഖിഷ്ണ. മകൾ. അഗസ്ത്യ.

സുഹൃത്തുക്കൾ കഴിച്ച

മദ്യത്തിൽ സംശയം

വെള്ളിയാഴ്ച വീട്ടിലെത്തിയ അഖിൽ വൈകുന്നേരം സുഹൃത്തുക്കളായ വിഷ്ണു, ഗിരീഷ്, ശിവപ്രദീപ് എന്നിവരോടൊപ്പം മദ്യപിക്കാനായി സമീപത്തുള്ള പാറ ക്വാറിയിലേയ്ക്ക് പോയിരുന്നു. പിറ്റേന്ന് അഖിലിന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല. ഞായറാഴ്ച വെളുപ്പിന് ഛർദ്ദിച്ച് അവശനായതോടെയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. ഇതിനിടെ ഗിരീഷിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യപിക്കാൻ കൂടെയുണ്ടായിരുന്ന മറ്റു രണ്ട് സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. എക്‌സൈസ് ജോയിന്റ് കമ്മിഷണർ ജോസഫ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജെ.താജുദ്ദീൻ കുട്ടി, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഗോപാലകൃഷ്ണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.