പരവൂർ: ഇരുവൃക്കകളും തകരാറിലായ കലാകാരനായ യുവാവ് ചികിത്സാ സഹായം തേടുന്നു. നെടുങ്ങോലം ആശുപത്രി ജംഗ്ഷന് സമീപം മണികണ്ഠ വിലാസത്തിൽ ചിത്രകാരനായ ബിനു (44) ആണ് കഴിഞ്ഞ ഒരു വർഷത്തോളമായി ചികിത്സയിൽ കഴിയുന്നത്. ബിനുവും അമ്മ ജയദേവിയും (68) മാത്രമാണ് വീട്ടിലുള്ളത്. വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ അമ്മ ജയദേവിക്കുണ്ട്.
സുഹൃത്തുക്കളുടെ സന്മനസ് ഒന്നുകൊണ്ട് മാത്രമാണ് കഴിഞ്ഞ ഒരു വർഷം ചികിത്സ നടത്തിവന്നത്. ആഴ്ചയിൽ 3 ഡയാലിസിസാണ് ബിനുവിനുള്ളത്. ഏകദേശം പതിനായിരം രൂപ ഒരാഴ്ച ഡയാലിസിസിനായി മാത്രം വേണം. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ 25 ലക്ഷത്തോളം രൂപ ഉണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കു.
കേരളമറിയുന്ന കലാകാരൻ ആയതിനാൽ മുമ്പ് വിവിധ പ്രദേശങ്ങളിൽ നിന്ന് നിരവധി സഹായങ്ങൾ ബിനുവിന് ലഭിച്ചിരുന്നു. തന്റെ പക്കലുള്ള ചിത്രങ്ങൾ ആരെങ്കിലും വാങ്ങുകയോ അല്ലെങ്കിൽ ചിത്രങ്ങൾ വച്ച് പ്രദർശനം നടത്തുകയോ ചെയ്ത് ചികിത്സയ്ക്കുള്ള തുക കണ്ടെത്താനും ബിനുവിന് ആഗ്രഹമുണ്ട്.
കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ 95 ശതമാനത്തോളം വിദ്യാലയങ്ങളുടെ ചുമരുകളിൽ ബിനുവിന്റെ ചിത്രരചനയുടെ കൈയൊപ്പുണ്ട്. ക്രിസ്തുദേവന്റെ മാത്രം 5000ലധികം ചിത്രങ്ങളാണ് വരച്ചിട്ടുള്ളത്. അസുഖം മൂർച്ഛിച്ചതോടെ ബിനുവിന്റെ കാഴ്ചയും മങ്ങിത്തുടങ്ങി. അതുകൊണ്ട് തന്നെ ചിത്രങ്ങൾ വരയ്ക്കാനും നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല.
തുടർന്നുള്ള ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും കനിവുള്ളവരുടെ സഹായം തേടുകയാണ് ബിനുവും അമ്മയുമടങ്ങുന്ന കുടുംബം. ഇന്ത്യൻ ബാങ്ക് അക്കൗണ്ട് നമ്പർ: 622773190. ഐ.എഫ്.എസ്.സി: IDIB000P023. ഫോൺ: 9605938955, 7510982784.