മണ്ണിൽ മുളപ്പിച്ച ഹരിതവിപ്ളവം
കൊല്ലം: ഓൺലൈൻ വിപണിയിലാണ് രാജേന്ദ്രന്റെ പച്ചക്കറി വിൽപ്പന, തനി നാടൻ പച്ചക്കറി വാങ്ങാൻ ആവശ്യക്കാർ ഏറെയാണ്. ആറുവർഷം മുൻപുവരെ കരിങ്കൽ കോൺട്രാക്ടറായിരുന്നു കൊട്ടാരക്കര കോട്ടാത്തല സൽരാജ് ഭവനിൽ രാജേന്ദ്രൻ (സഹദേവൻ). ക്വാറികൾക്ക് നിയന്ത്രണമെത്തിയപ്പോൾ മൺവെട്ടിയുമായി മണ്ണിലേക്കുതന്നെയിറങ്ങി.
പയറും പാവലും പടവലവുമാണ് ആദ്യം കൃഷിയിറക്കിയത്. കഠിനാധ്വാനത്തിലൂടെ നൂറുമേനി വിളയിച്ചു. ഒന്നരയേക്കർ കൃഷിയിടത്തിൽ എല്ലാവിധ പച്ചക്കറികളും സമൃദ്ധമായി കായ്ച്ചു. തക്കാളിയും വെണ്ടയും ചീരയും മുളകും വഴുതനയും ഇഞ്ചിയും മഞ്ഞളും പാഷൻഫ്രൂട്ടുമടക്കം എല്ലാമുണ്ട്. എൺപത് മൂട് തെങ്ങിൻതൈ വച്ചത് കായ്ച്ച് തുടങ്ങി. മത്സ്യക്കൃഷിയും വെറ്റിലക്കൃഷിയും ആട് വളർത്തലുമുണ്ട്. പൈപ്പ് കമ്പോസ്റ്റും മണ്ണിര കമ്പോസ്റ്റും ചാണകവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കുമാണ് വളം. പൈപ്പ് കമ്പോസ്റ്റിനും മണ്ണിര കമ്പോസ്റ്റിനും വീട്ടുപരിസരത്തുതന്നെ തയ്യാറാക്കാനുള്ള യൂണിറ്റുണ്ട്. ചുരുങ്ങിയകാലം കൊണ്ട് നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകനായി മാറാനും രാജേന്ദ്രന് കഴിഞ്ഞു.
സി.പി.എം ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.കെ.ടി.യു നെടുവത്തൂർ ഏരിയാ ജോ.സെക്രട്ടറിയുമായ രാജേന്ദ്രൻ പൊതു പ്രവർത്തനത്തിനിറങ്ങുമ്പോൾ ഭാര്യ ലതയും മക്കളും കൃഷിയിടത്തിലേക്കിറങ്ങും. കഴിഞ്ഞ ദിവസം കോട്ടാത്തല പണയിൽ മലയാളീ ലൈബ്രറി പ്രവർത്തകർ രാജേന്ദ്രനെ വീട്ടിലെത്തി ആദരിച്ചു.
വിൽപ്പന പരീക്ഷണം വിജയിച്ചു
സ്വാശ്രയ കാർഷിക വിപണികളിലൂടെയായിരുന്നു ഉത്പന്നങ്ങൾ വിറ്റിരുന്നത്. ലോക് ഡൗൺ തുടങ്ങിയപ്പോൾ നവമാദ്ധ്യമങ്ങളെ ഉപയോഗിച്ചു. മക്കളായ നിയമവിദ്യാർത്ഥിയായ സൽരാജും അഭിരാജും ഓരോ ഉത്പന്നങ്ങളെപ്പറ്റിയും നവമാദ്ധ്യമങ്ങളിൽ വിവരിച്ചാണ് പരീക്ഷിച്ചത്. ഇത് വിജയിച്ചു. ഇപ്പോൾ ഓൺലൈൻ വഴി വലിയ ഓർഡറുകൾ ലഭിക്കുന്നുണ്ട്. വലിയ ഓർഡറുകൾ എത്തിച്ചുകൊടുക്കും. ദൂരങ്ങൾ താണ്ടി ഇവിടേക്ക് പച്ചക്കറിക്കായി എത്തുന്നവരുമുണ്ട്.
''
ഓൺലൈൻ വിൽപ്പനയിൽ വില കുറഞ്ഞും കൂടിയും ഇരുന്നാലും നഷ്ടമുണ്ടാകില്ല.
രാജേന്ദ്രൻ