attingal

കൊല്ലം: രാത്രിയിൽ കാറിൽ നിന്ന് ചാടിയിറങ്ങിയ സുഹൃത്തുക്കളെ കണ്ട് നവവരൻ അൽഅമീൻ ഞെട്ടി. അതായായിരുന്നു അവരുടെ ലക്ഷ്യവും. മംഗലപുരത്തെ വധുവിന്റെ വസതിയിൽ ഒരുമിച്ച് ഭക്ഷണം കഴിച്ച് രാത്രി വൈകി യാത്രപറഞ്ഞിറങ്ങുമ്പോൾ അവർ എല്ലാവരും അതിയായ സന്തോഷത്തിലായിരുന്നു. പക്ഷെ, നിമിഷങ്ങൾക്കകം അൽഅമീന്റെ ഫോൺ ശബ്ദിച്ചു. സുഹൃത്തുക്കൾ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചെന്നാണ് തോന്നുന്നത്.

അലറിവിളിച്ച് അൽഅമീൻ ചാടിയിറങ്ങിയെങ്കിലും ബന്ധുക്കൾ സമാധാനിപ്പിച്ച് വീട്ടിലിരുത്തി.

അസീമിന്റെ ഫോർച്ച്യൂണർ കാറിലാണ് നിക്കാഹ് കഴിഞ്ഞ് മണവാട്ടിയുമായി അൽഅമീൻ കല്ലുവാതുക്കലെ വീട്ടിലെത്തിയത്. സന്ധ്യയ്ക്ക് ആറോടെ മറ്റൊരു കാറിൽ മംഗലപുരത്തെ വധൂഗൃഹത്തിലേക്ക് പോയി. രണ്ട് കാറുകളിൽ ബന്ധുക്കൾ അനുഗമിക്കുകയും ചെയ്തു. പിന്നാലെയാണ് സുഹൃത്തുക്കൾ മിന്നൽ സന്ദർശനം നടത്താൻ തീരുമാനിച്ചത്.

അവരെട്ടുപേരും കാറിൽ അൽഅമീന്റെ ഭാര്യ വീട്ടിലേക്ക് വച്ചുപിടിച്ചു. കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ നിക്കാഹിന് വരില്ലെന്നു പറഞ്ഞ് കൂട്ടുകാരനെ വട്ടിളക്കിയ അവർ അവസാന നിമിഷം എത്തി ആദ്യ സർപ്രൈസ് നൽകിയിരുന്നു. രാത്രി 11ഓടെയാണ് എട്ടംഗ സംഘം കൂട്ടുകാരനോട് യാത്ര പറഞ്ഞ് മടങ്ങിയത്.

അഖിലാണ് കാർ ഓടിച്ചിരുന്നത്. അസീം മുൻവശത്തെ ഇടത് സീറ്റിലായിരുന്നു.

ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനും പിന്നിട്ട് ‌‌ടി.ബി ജംഗ്ഷനിൽ എത്തിയപ്പോൾ പെട്ടെന്നാണ് ടാങ്കർ വെട്ടിത്തിരിഞ്ഞ് വന്നിടിച്ചത്.കീഴ്മേൽ മറിഞ്ഞ കാറിൽ നിന്ന് നൂഴ്ന്നിറങ്ങിയ അഖിൽ മറുവശത്തെത്തി നോക്കുമ്പോൾ അസീമിന് ബോധമുണ്ടായിരുന്നില്ല. ഉടൻ പൊലീസിനെ വിളിച്ചു. പൊലീസും ഫയർഫോഴ്സുമെത്തി കാർ തകർത്താണ് മറ്റ് ഏഴുപേരെയും പുറത്തെടുത്തത്.

വിങ്ങിപ്പൊട്ടി അൽഅമീൻ ഇന്നലെ രാവിലെ ആശുപത്രിയിലെത്തി. പിന്നെയൊരു കൂട്ടക്കരച്ചിലായിരുന്നു.

അൽഅമീന്റെ നിക്കാഹ് കൊഴുപ്പിക്കണമെന്ന് ഇവർ നേരത്തെ തീരുമാനിച്ചിരുന്നു. അടുത്തത് പ്രിൻസിന്റെ കല്യാണം. പിന്നെ മനീഷിന്റേത്. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും

തെറ്റി.