n
ഓച്ചിറക്കളി ചടങ്ങായി ചുരുങ്ങിയപ്പോൾ

തഴവ: രണ സ്മരണകൾ പുതുക്കി ഓച്ചിറക്കളിക്ക് ഔപചാരികമായ തുടക്കം. ഉച്ചയ്ക്ക് 12ഓടെ ക്ഷേത്രത്തിലെ പ്രധാന ആൽത്തറകൾ ചുറ്റി ഗണപതിത്തറയിലെത്തിയ ഘോഷയാത്ര രണ്ടായി പിരിഞ്ഞ് കളിക്കളത്തിന് കിഴക്കും പടിഞ്ഞാറുമെത്തിയ ശേഷം നാമമാത്രമായ അംഗങ്ങൾ മാത്രം വെട്ടുകണ്ടത്തിലിറങ്ങി ഹസ്തദാനം ചെയ്തു. തുടർന്ന് രണ്ട് കളി സംഘത്തിൽ നിന്നായി പത്തുപേർ മാത്രമിറങ്ങി അടവ് പറഞ്ഞ് ആയുധം മുട്ടിച്ച് കളി അവസാനിപ്പിക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12 ഓടെ പടിഞ്ഞാറ്, കിഴക്കെ കരകളിലെ കളി ആശാൻമാർക്ക് ക്ഷേത്ര ഭരണ സമിതി ധ്വജങ്ങൾ വിതരണം ചെയ്തു. തുടർന്ന് അലങ്കരിച്ച രണ്ട് ക്ഷേത്ര ഋഷഭങ്ങൾ, ക്ഷേത്ര വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ ഭരണ സമിതി ഭാരവാഹികൾ ഉൾപ്പെടെ 50 പേർ മാത്രമാണ് പങ്കെടുത്തത്. ഓച്ചിറ എസ്.എച്ച്.ഒ പ്രകാശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സേനാംഗങ്ങളുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും കർശന നിരീക്ഷണത്തിലാണ് ഘോഷയാത്ര നടത്തിയത്. ഇന്നലെ രാവിലെ 8ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻപിള്ള പതാക ഉയർത്തിയതോടെ ക്ഷേത്ര ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു. സമിതി പ്രസിഡന്റ്, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, ട്രഷറർ വിമൽ ഡാനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.