ബീച്ചിന് സമീപത്തെ പത്ത് സെന്റിൽ സ്വാഭാവിക വനം സൃഷ്ടിക്കുന്നു
കൊല്ലം: കൊല്ലം ബീച്ചിലെത്തുന്നവർക്ക് ഇനി കടലിനെ മാത്രമല്ല, വനഭംഗിയും ആസ്വദിക്കാം. ബീച്ചിനോട് ചേർന്ന പത്ത് സെന്റ് വസ്‌തുവിൽ കൊല്ലം നഗരസഭയുടെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തിൽ സ്വാഭാവിക വനവത്കരണത്തിനുള്ള നടപടികൾ തുടങ്ങി. വള്ളത്തിന്റെ മാതൃകയിൽ മുളകൊണ്ടുള്ള ചുറ്റുവേലിയോടെ കടലോര മേഖലയുടെ പരിസ്ഥിതിക്ക് യോജിക്കുന്ന വൃക്ഷങ്ങൾ ഉപയോഗിച്ചാണ് വനമൊരുക്കുക.
ബീച്ചിലെത്തുന്നവരും പ്രദേശവാസികളും മാലിന്യം തള്ളാൻ കണ്ടെത്തിയിരുന്ന കൊല്ലം പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പ്രതീക്ഷയുടെ പച്ചത്തുരുത്തായി മാറുന്നത്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾ മാലിന്യം നീക്കം ചെയ്ത് വൃക്ഷങ്ങൾ നടാൻ സ്ഥലമൊരുക്കി. മൂന്ന് വർഷത്തേക്ക് വൃക്ഷത്തൈകളുടെ പരിപാലനവും ഇവർ ഏറ്റെടുക്കും.
ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. കൊല്ലം മേയർ ഹണി ബഞ്ചമിൻ അദ്ധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി, വാർഡ് കൗൺസിലർ വിനീത വിൻസന്റ്, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എസ്. ഐസക്ക്, അഡി.സെക്രട്ടറി നൈസാം തുടങ്ങിയവർ പങ്കെടുത്തു.
നട്ട് വളർത്തുന്നവ
പുന്ന, മാവ്, ഞാവൽ, കുന്നിവാക, പുളി, അമ്പഴം, കുടംപുളി, സപ്പോട്ട, കണിക്കൊന്ന, നീർമരുത്, പൂവരശ്, ജാമ്പ തുടങ്ങിയവയാണ് കൊല്ലം ബീച്ചിലെ വനത്തിൽ നട്ടുപിടിപ്പിക്കുക. ഗ്രാഫ്റ്റ് ചെയ്തവ, വിദേശ സസ്യങ്ങൾ, അധിനിവേശ ഇനങ്ങൾ തുടങ്ങിയവ പൂർണമായും ഒഴിവാക്കും.