പുനലൂർ: പുനലൂർ-ചൗക്ക റോഡിന് സമീപത്തെ റെയിൽവേ അടിപ്പാതയിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായതോടെ കാൽനടയാത്രികർ ദുരിതത്തിൽ
കഴിഞ്ഞ ആഴ്ചയിൽ പുനലൂർ പേപ്പർമിൽ-കാര്യറ റോഡ് റെയിൽവേ അടച്ച് പൂട്ടിയതോടെയാണ് ഇതുവഴിയുള്ള വാഹനങ്ങളും കാൽനടക്കാരും അടിപ്പാതയെ ആശ്രയിച്ച് തുടങ്ങിയത്. ഇവരാണ് നിലവിൽ ജീവൻ പണയംവച്ച് യാത്രചെയ്യുന്നത്.
പുനലൂർ പേപ്പർ മിൽ -കാര്യറ റോഡ് കടന്ന് പോകുന്ന ഭാഗത്തെ വ്യാപാരികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർക്ക് അടിപ്പാതയിലൂടെ വേണം പുനലൂർ ടൗണിലേക്കും മറ്റും എത്തിച്ചേരാൻ. ഇവർക്കാണ് തെരുവുനായ്ക്കൾ ഭീഷണി ഉയർത്തുന്നത്. വഴിവിളക്കുകൾ സ്ഥാപിക്കാത്തതും ഭീഷണി ഇരട്ടിയാക്കുന്നു.
നഗരസഭ ഇടപെടണം.
തെരുവ് വിളക്കുകൾ സ്ഥാപിക്കാത്തതിനാൽ സന്ധ്യ കഴിഞ്ഞാൽ അടിപ്പാത വഴി നടന്നുപോകാൻ എല്ലാവർക്കും ഭയമാണ്. നഗരസഭയുടെ നേതൃത്വത്തിൽ അടിപ്പാതയിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അടിപ്പാത വഴി സമീപവാസികൾക്ക് കാൽനടയാത്ര ചെയ്യുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാതെയാണ് പുനലൂർ-കാര്യറ റോഡ് റെയിൽവേ അടച്ചതെന്നും ആക്ഷേപമുണ്ട്.
വേണം ഫുട്ട് ഓവർ
അടച്ചുപൂട്ടി മതിൽകെട്ടുന്ന റോഡിൽ ഫുട് ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച സ്ഥലം സന്ദർശിച്ച എം.പി ഇതിനായി റെയിൽവേയിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇത് നടപ്പാകുന്നതും കാത്തിരിക്കുകയാണ് യാത്രക്കാർ.