nl
ഓച്ചിറക്കളി പെരുമയോടെ - ഫയൽ ചിത്രം

തഴവ: ലോക്ക് ഡൗൺ നിയന്ത്രണത്തിൽ ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളിയുടെ പ്രഭ മങ്ങിയത് പതിനായിരങ്ങളെ നിരാശരാക്കി.

പതിറ്റാണ്ടുകളായി നടന്നു വരുന്ന ഓച്ചിറക്കളി ഓണാട്ടുകരയിലെ എറ്റവും പ്രധാന ക്ഷേത്രോത്സവമാണ്. ആയിരം മുതൽ ആയിരത്തി അഞ്ഞൂറ് വരെ കളിക്കാരാണ് ദിവസങ്ങൾ നീളുന്ന പരിശീലനത്തിന് ശേഷം ഓച്ചിറക്കളിയിൽ പങ്കെടുത്തിരുന്നത്. നൂറ് കണക്കിന് ചെറുകിട കച്ചവടക്കാർക്കും, വഴിവാണിഭക്കാർക്കും ഓച്ചിറക്കളി ഉപജീവന മാർഗ്ഗം കൂടിയായിരുന്നു.

കഴിഞ്ഞ വർഷം കളിയോടനുബന്ധിച്ച് രണ്ട് ദിവസങ്ങളിലായി ക്ഷേത്രത്തിൽ നടന്ന അന്നദാനത്തിൽ മാത്രം പതിനായിരത്തിൽപ്പരം പേർ പങ്കെടുത്തുവെന്നാണ് ഔദ്യോഗിക കണക്ക്. ക്ഷേത്രത്തിലെ കാണിക്ക വരുമാനം നിർണയിക്കുന്നതിൽ പോലുംം ഓച്ചിറക്കളിക്ക് പ്രധാന പങ്കാണുണ്ടായിരുന്നത്. ഓണാട്ടുകരയിലെ മിക്ക ക്ഷേത്ര കരകളിലും അഞ്ച് മുതൽ പത്ത് വരെ കളി സംഘങ്ങളാണുള്ളത്. ആയുധ പൂജ ഉൾപ്പെടെ ദിവസങ്ങൾ നീളുന്ന പരിശീലനത്തിന്റെ പ്രദർശന വേദി കൂടിയാണ് ഓച്ചിറക്കളി .

പതിനായിരങ്ങളെ സാക്ഷിനിർത്തി വെട്ടുകണ്ടത്തിന് മുകളിൽ കൃഷ്ണ പരുന്ത് വലം വച്ച് പറക്കുന്നതോടെയാണ് യോദ്ധാക്കൾ കളിക്കളത്തിൽ ഇറങ്ങുന്നത്. എന്നാൽ ഇക്കുറി നിയന്ത്രണങ്ങളിൽ നിറം മങ്ങിയ ഓച്ചിറക്കളി സങ്കടക്കാഴ്ചയായി മാറി.

ഇന്നലെ നടന്ന ചടങ്ങ് ഒരിക്കൽ കൂടി ആവർത്തിച്ച് കളി ഇന്ന് അവസാനിക്കും.