tower

 മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവർ നിർമ്മാണം ഉടൻ

കൊല്ലം: റെയിൽവേ സ്റ്റേഷന് സമീപം അലക്കുഴി കോളനി സ്ഥിതി ചെയ്തിരുന്ന റവന്യൂ പുറമ്പോക്ക് ഭൂമി മൾട്ടി ലെവൽ കാർ പാർക്കിംഗ് ടവർ നിർമ്മാണത്തിനായി ഉടൻ നഗരസഭയ്ക്ക് കൈമാറും. ഒഴിപ്പിക്കലിനെതിരായ പരാതികളെല്ലാം കഴിഞ്ഞയാഴ്ച തള്ളിയ സാഹചര്യത്തിൽ ഭൂമി കൈമാറുന്നതിനുള്ള നടപടി റവന്യൂ വകുപ്പ് തുടങ്ങി.

ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കോളനിയിൽ താമസിച്ചിരുന്ന 21 കുടുംബങ്ങളെ മുണ്ടയ്ക്കലിൽ പുതിയ വീട് നിർമ്മിച്ച് മാറ്റിപ്പാർപ്പിച്ചിരുന്നു. ഇപ്പോഴും ഇവിടെ തുടരുന്ന മൂന്ന് കുടുംബങ്ങളുടെ പരാതിയാണ് കളക്ടർ തള്ളിയത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയപ്പോൾ തന്നെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ നഗരസഭ ജില്ലാ ഭരണകൂടത്തിന് നൽകിയിരുന്നു. എന്നാൽ താമസക്കാരെ പൂർണമായും ഒഴിപ്പിക്കാഞ്ഞതിനാലാണ് ഭൂമി കൈമാറ്റം വൈകിയത്.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 10.91 കോടി ചെലവിലാണ് പാർക്കിംഗ് ടവർ നിർമ്മിക്കുന്നത്. ഏഴ് നിലകളുള്ള പാർക്കിംഗ് ടവറിൽ ഒരേസമയം 224 കാറുകൾ പാർക്ക് ചെയ്യാം.

അഞ്ച് ബ്ലോക്കുകളായാകും പാർക്കിംഗ് സൗകര്യം. പാർക്കിംഗ് സമയത്തിന് ആനുപാതികമായിട്ടാകും ഫീസ്. ഭൂമി കൈമാറി കിട്ടിയാലുടൻ കരാർ ഒപ്പിടും.

റെയിൽവേ സ്റ്റേഷനിൽ സ്ഥലം കമ്മി

റെയിൽവേ സ്റ്റേഷനിൽ വേണ്ടത്ര പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ ഭൂരിഭാഗം വാഹനങ്ങളും റോഡ് വക്കിലാണ് പാർക്ക് ചെയ്യുന്നത്. സമീപത്തെ കച്ചവട സ്ഥാപനങ്ങളുടെ സ്ഥിതിയും സമാനമാണ്. അനധികൃത പാർക്കിംഗ് കാരണം ഈ ഭാഗത്ത് അപകടങ്ങളും പതിവാണ്. പദ്ധതിയുടെ ടെണ്ടർ നഗരസഭാ കൗൺസിലും അമൃത് ഉന്നതാധികാര സമിതിയും അംഗീകരിച്ചു.

പുറമ്പോക്ക് കോളനി

താമസക്കാർ:

21 കുടുംബങ്ങൾ

(മാറ്റി പാർപ്പിച്ചു)​
മാറാത്തത്:

3 കുടുംബങ്ങൾ

പാർക്കിംഗ് ടവർ

പദ്ധതി ചെലവ്:

10.91 കോടി

നില: 7

സൗകര്യം: 224 കാറുകൾക്ക്

(ഒരേസമയം)​

''

ഒഴിഞ്ഞുപോയവരുടെ വീടുകൾ നാലുമാസം മുൻപ് പൊളിച്ചുനീക്കിയിരുന്നു. പിന്നീടുള്ള ഒഴിപ്പിക്കൽ പരാതികൾ തള്ളി. ശേഷിക്കുന്ന വീടുകൾ വൈകാതെ പൊളിക്കും.

ബി. അബ്ദുൽ നാസർ

ജില്ലാ കളക്ടർ