photo
അശാസ്ത്രീയമായി നിർമ്മിച്ച തടയണയുടെ മദ്ധ്യഭാഗം എയർ കംപ്രസർ ഉപയോഗിച്ച് പൊളിച്ച് നീക്കുന്നു

കരുനാഗപ്പള്ളി: തൊടിയൂർ പാലത്തിന് തെക്കുവശം പള്ളിക്കലാറ്റിൽ ജലവിഭവ വകുപ്പ് അശാസ്ത്രീയമായി നിർമ്മിച്ച തടയണയുടെ മദ്ധ്യഭാഗം പൊളിച്ചുനീക്കാൻ ആരംഭിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കടവിക്കാട്ട് മോഹനൻ, എസ്. ശ്രീലത, ജലവിഭവ വകുപ്പ് എക്സീക്യൂട്ടീവ് എൻജിനിയർ സുനിൽരാജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് കരാറുകാരൻ എയർ കംപ്രസർ ഉപയോഗിച്ച് തടയണ പൊളിച്ചുതുടങ്ങിയത്.

20 മീറ്റർ ദൈർഘ്യമുള്ള തടയണയുടെ മദ്ധ്യഭാഗത്തെ 9.30 മീറ്റർ ഭാഗമാണ് പൊളിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ നീരൊഴുക്കിനുള്ള തടസം നീങ്ങും.

ആർ. രാമചന്ദ്രൻ എം.എൽ.എ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടത്തിയ ചർച്ചയിൽ തടയണ പൊളിക്കാൻ ധാരണയായത്. ഒരു വർഷത്തിന് മുമ്പ് 75 ലക്ഷം രൂപ ചെലവിലാണ് തടയണ നിർമ്മിച്ചത്.