vishnu

കൊല്ലം: ഛർദ്ദിലിനെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച മലപ്പുറം റിസർവ് ബറ്റാലിയനിലെ പൊലീസുകാരൻ കടയ്ക്കൽ ഇട്ടിവ സ്വദേശി കണ്ണൻ എന്ന അഖിൽ (35) കഴിച്ചത് സർജിക്കൽ സ്പിരിറ്റ്. ഇതിന് മുൻപ് അഖിൽ വിദേശമദ്യം കഴിച്ചിരുന്നതായും കണ്ടെത്തി. രണ്ടും ചേർന്നതോടെ നില വഷളായി മരണം സംഭവിച്ചുവെന്നാണ് പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ടെത്തൽ.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി വന്നാലേ കൂടുതൽ വിശദാംശങ്ങൾ വ്യക്തമാകൂ. പൊലീസും എക്‌സൈസും നടത്തിയ അന്വേഷണത്തിലാണ് കുടിച്ചത് സർജിക്കൽ സ്പിരിറ്റാണെന്ന് വ്യക്തമായത്. അഖിലിനൊപ്പം മദ്യപിച്ച സംഘത്തിലെ ഇട്ടിവ ചരിപ്പറമ്പ് കിഴക്കുംകര കളിയിൽ വീട്ടിൽ വിഷ്ണുവാണ് സർജിക്കൽ സ്പിരിറ്റ് സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ടിപ്പർ ഡ്രെെവറാണ് വിഷ്ണു.

കൊവിഡ് പരിശോധന നെഗറ്റീവായതോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടുനൽകിയ അഖിലിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മരണം സർജിക്കൽ സ്പിരിറ്റ് കുടിച്ചാണെന്ന ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതല വഹിക്കുന്ന ജെ.താജൂദ്ദിന്റെ റിപ്പോർട്ട് ദക്ഷിണ മേഖലാ ജോ. എക്‌സൈസ് കമ്മിഷണർക്ക് കൈമാറിയിട്ടുണ്ട്.

സർജിക്കൽ സ്പിരിറ്റ് സ്വകാര്യ ആശുപത്രിയിൽ നിന്ന്

സാനിറ്റൈസർ ഉണ്ടാക്കാനെന്ന് പറഞ്ഞ് സുഹൃത്ത് വഴി ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നാണ് വിഷ്ണു സർജിക്കൽ സ്പിരിറ്റ് സംഘിടിപ്പിച്ചത്. വിഷ്ണുവിന് മാത്രമാണ് ഇക്കാര്യം അറിവുണ്ടായിരുന്നത്. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യം അഖിൽ വീട്ടിൽവച്ച് കഴിച്ചുകൊണ്ടിരിക്കെയാണ് വിഷ്ണുവും സംഘാംഗങ്ങളും ഫോൺ ചെയ്ത് വരുത്തിയത്. സർജിക്കൽ സ്പിരിറ്റ് വെള്ളം ചേർത്ത് മദ്യമെന്ന തരത്തിൽ നൽകുകയായിരുന്നു. ഇടയ്ക്ക് ഇവർ ഒരുമിച്ച് മദ്യപിക്കാറുള്ളതിനാലാണ് അഖിൽ പോയത്. അഖിലും അയൽവാസിയായ ഗിരീഷുമാണ് കൂടുതൽ കുടിച്ചത്. എന്നാൽ വിഷ്ണുവും സുഹൃത്തായ ശിവപ്രദീപും കുടുതൽ കുടിക്കാതിരുന്നതിനാൽ ഇവർക്ക് പ്രശ്‌നമുണ്ടായില്ല.


ഇന്റർനെറ്റിലെ വിവരം മരണക്കുരുക്കായി

ഇന്റർനെറ്റിൽ നിന്ന് ലഭിച്ച വിവരമാണ് തനിക്ക് അമളി പറ്റാനിടയാക്കിയതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു. സർജിക്കൽ സ്പിരിറ്റിൽ വെള്ളം ചേർത്ത് വിഷ്ണു ആദ്യം അൽപ്പം കഴിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഒരുമിച്ചിരുന്ന് മദ്യപിക്കാൻ അഖിൽ അടക്കമുള്ള സുഹൃത്തുക്കളെ വീടിനടുത്തുള്ള പാറമടയ്ക്കടുത്തേയ്ക്ക് വിളിച്ചു വരുത്തിയത്. ആശുപത്രിയിൽ ചികിത്സയിലുള്ള ഗിരീഷ്, കൂടെയുണ്ടായിരുന്ന ശിവപ്രദീപ് എന്നിവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.