കർഷകർക്ക് നല്ല കാലം
കൊല്ലം: രുചിയിൽ മാത്രമല്ല വിലയിലും ഇപ്പോൾ പഞ്ചനക്ഷത്ര പദവിയാണ് മരച്ചീനിക്ക്. വൻകിട ഹോട്ടലുകളിലെ മൂല്യമുള്ള വിഭവങ്ങളുടെ പട്ടികയിലേക്ക് വർഷങ്ങൾക്ക് മുമ്പേ ഉയർന്ന മരച്ചീനിക്ക് ഗ്രാമീണ വിപണിയിലും ആവശ്യക്കാരേറെയാണ്. ഒരു കിലോ മരച്ചീനിക്ക് 30 രൂപയാണ് ചില്ലറ വിൽപ്പനയിലെ പരമാവധി വില.
ഇരുപത് രൂപയ്ക്ക് വിൽക്കുന്ന വ്യാപാരികളും ജില്ലയിൽ ധാരാളമുണ്ട്. മൊത്തക്കച്ചവടം നടത്തുമ്പോൾ കർഷകന് കിലോയ്ക്ക് പത്ത് രൂപയിലേറെ ലഭിക്കുന്ന സാഹചര്യം ഇപ്പോഴുണ്ട്. മൊത്ത കച്ചവടക്കാർക്ക് നൽകുന്നതിന് പകരം നേരിട്ട് ഉപഭോക്താവിന് വിൽക്കുന്ന കർഷകർക്ക് നേട്ടം കൂടുതലാണ്. കച്ചവടക്കാർ ഈടാക്കുന്ന 20 മുതൽ 30 രൂപ വരെയുള്ള വില കർഷകന് ഉപഭോക്താവിൽ നിന്ന് നേരിട്ട് ഈടാക്കാനാകും. ലോക്ക് ഡൗൺ കാലത്ത് നാടൻ വിഭവം എന്ന നിലയിൽ മരച്ചീനിക്ക് ആവശ്യക്കാർ വർദ്ധിച്ചത് കർഷകർക്ക് ആശ്വാസമായിരുന്നു.
കർഷകരെ തേടി കൃഷിയിടങ്ങളിലേക്ക് ആവശ്യക്കാരെത്തി. ഹോട്ടലുകളിലെ മരച്ചീനി വിഭവങ്ങൾക്കും ആവശ്യക്കാരുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നാട്ടിലാകെ ആരംഭിച്ച കൃഷിയിലും മരച്ചീനിക്ക് വലിയ പരിഗണന കിട്ടി.
ചില്ലറ വിൽപ്പന: 30 രൂപ (കിലോഗ്രാം)