കൊല്ലം: കിടപ്പുമുറിയോട് ചേർന്ന് ശൗചാലയമുള്ള വീടുകളിലേ ക്വാറന്റൈൻ അനുവദിക്കൂ എന്നാണ് സർക്കാർ പറയുന്നത്. പക്ഷെ പാരിപ്പള്ളി എഴിപ്പുറത്ത് ചന്തുവെന്ന യുവാവ് ക്വാറന്റൈനിൽ കഴിയുന്നത് ചോർന്നൊലിക്കുന്ന വീട്ടിലാണ്. വീടിനുള്ളിൽ കക്കൂസ് പോയിട്ട് ജനാലകൾ പോലുമില്ല.
കർണാടകയിൽ തൊടിവാർപ്പ് ജോലിയായിരുന്നു ചന്തുവിന്. ഒരാഴ്ച മുൻപ് മടങ്ങിയെത്തിയപ്പോൾ ആരോഗ്യ പ്രവർത്തകരെത്തി വീടും പരിസരവുമെല്ലാം കണ്ടതാണ്. തൊട്ടുചേർന്ന് നിരവധി വീടുകളുമുണ്ട്. അവിടെ പ്രായമേറിയവരും കുട്ടികളുണ്ട്. നിരീക്ഷണത്തിൽ കഴിയാൻ സർക്കാർ നിഷ്കർഷിച്ചിട്ടുള്ള ഒരു അടിസ്ഥാന സൗകര്യവും ചന്തുവിന്റെ വീട്ടിൽ ഇല്ലെന്ന് ബോദ്ധ്യമായിട്ടും സ്ഥാപന നിരീക്ഷണ സൗകര്യം ഒരുക്കാൻ തയ്യാറായില്ല.
ചന്തുവിന്റെ അച്ഛൻ അശോകന് കൂലിപ്പണിയാണ്. 2001ൽ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 35,000 രൂപ ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്. അന്നിട്ട ഓടുകളെല്ലാം പൊട്ടി തകർന്നു. ചോരാതിരിക്കാൻ ഇപ്പോൾ മുകളിൽ ടാർപ്പാളിൻ കെട്ടിയിരിക്കുകയാണ്. ചെളി ഉപയോഗിച്ചാണ് കൽകെട്ട്. പൂശിയിട്ടുമില്ല. മഴ നനഞ്ഞ് വീടിന്റെ പിൻഭാഗത്തെ ഭിത്തി ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്.