കുന്നത്തൂർ: കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ്, വെസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ എന്നിവർക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടതോടെ കോൺഗ്രസ് ഭരണം നിലനിറുത്തി. കോൺഗ്രസ് അംഗമായ ടി.കെ പുഷ്പകുമാറിന്റെയും സ്വതന്ത്രനായി ജയിച്ച് പിന്നീട് കോൺഗ്രസിൽ ചേർന്ന ഐവർകാല ദിലീപിന്റെയും പിന്തുണയോടെയാണ്
സി.പി.എം അവിശ്വാസം കൊണ്ടുവന്നത് .കോൺഗ്രസിലെ മറ്റ് രണ്ട് അംഗങ്ങളുടെ പിന്തുണയും ഉറപ്പാക്കിയിരുന്നു.
പത്ത് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസ പ്രമേയ നോട്ടീസിൽ മാർച്ച് 27ന് ചർച്ച നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ലോക്ക് ഡൗൺ കണക്കിലെടുത്ത് ഇത് ഏപ്രിൽ 27ലേക്ക് മാറ്റി. പ്രസിഡന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ അവിശ്വാസ പ്രമേയ ചർച്ച പിന്നീട് സ്റ്റേ ചെയ്തു. ഇതിനിടെ കോൺഗ്രസ് നേതൃത്വവുമായി നടത്തിയ ചർച്ചയെ തുടർന്ന്
പ്രമേയത്തിൽ ഒപ്പിട്ട ശ്രീദേവി, രമേശൻ എന്നീ അംഗങ്ങൾ കോൺഗ്രസിനൊപ്പം നിന്നു. ഇതോടെ മാസങ്ങളായി നിലനിന്ന പ്രതിസന്ധിക്കാണ് അയവുണ്ടായി.
എന്നാൽ ടി.കെ. പുഷ്പകുമാറും ഐവർകാല ദിലീപും സിപിഎമ്മിനൊപ്പം ഉറച്ചുനിൽക്കുകയായിരുന്നു. വിമതർ നൽകിയ ഹർജിയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കുള്ള സ്റ്റേ ഹൈക്കോടതി എടുത്തുമാറ്റുകയും ഇന്നലെ അവിശ്വാസം ചർച്ച ചെയ്യാൻ നിർദ്ദേശിക്കുകയുമായിരുന്നു. എന്നാൽ ഇത് മറികടന്ന് കോൺഗ്രസ് ഭരണം നിലനിറുത്തുകയായിരുന്നു. അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പി. രാജേന്ദ്രപ്രസാദ്, കെ. കൃഷ്ണൻകുട്ടി നായർ, കെ. സുകുമാരൻ നായർ, കാരുവള്ളി ശശി, ടി.എ. സുരേഷ് കുമാർ, കുന്നത്തൂർ പ്രസാദ്, ഗോകുലം അനിൽ, കാരയ്ക്കാട്ട് അനിൽ, ഷീജാ രാധാകൃഷ്ണൻ, ശ്രീദേവിഅമ്മ, ശ്രീകല, അതുല്യ രമേശൻ, തെങ്ങുംതുണ്ടിൽ രാധാകൃഷ്ണപിള്ള, അനന്ദു കുന്നത്തൂർ എന്നിവർ നേതൃത്വം നൽകി.