pho
കരവാളൂർ നീലമ്മാളിൽ വഴിത്തർക്കത്തെ തുടർന്ന് അയൽവാസികൾ തമ്മിൽ സംഘട്ടനം ഉണ്ടായ സ്ഥലം പുനലൂർ ഡിവൈ.എസ്.അനിൽദാസിൻെറ നേതൃത്വത്തിലുളള പൊലിസും, ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും പരിശോധിക്കുന്നു.

പുനലൂർ: വഴിത്തർക്കത്തെ തുടർന്നുണ്ടായ സംഘട്ടനത്തിൻ അയൽവാസിയായ മത്സ്യവ്യാപാരി മരിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ റിമാൻഡ് ചെയ്തു. കരവാളൂർ നീലമ്മാൾ ആനവിള രത്നവിലാസത്തിൽ രത്നാകരനെയാണ് (55) റിമാൻഡ് ചെയ്തത്. അയൽവാസിയായ നീലമ്മാൾ ചരുവിള പുത്തൻവീട്ടിൽ നെപ്പോളിയനാണ് (64) മരിച്ചത്.

ഞായറാഴ്ച രാത്രി 7.30 ഓടെ നീലമ്മാൾ ജംഗ്ഷനിൽ ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ജംഗ്ഷനിലുണ്ടായിരുന്നവർ ഇരുവരെയും പിടിച്ച് മാറ്റി വീടുകളിലേക്ക് പറഞ്ഞയച്ചെങ്കിലും വീടിന് സമീപം എത്തിയപ്പോൾ വീണ്ടും ഏറ്റുമുട്ടി. നിലത്തുവീണ നെപ്പോളിയന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പുനലൂർ പൊലിസ് വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രത്നാകരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്നലെ രാവിലെ പുനലൂർ ഡിവൈ.എസ്.പി അനിൽദാസ്, സി.ഐ ബിനുവർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും ഫിംഗർ പ്രിന്റ് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് കൊലപാതക കുറ്റം ചുമത്തി കേസെടുത്ത പ്രതി രത്നാകരനെ ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

കൂലിപ്പണിക്കാരനായ രത്നാകരനും അയൽവാസിയായ നെപ്പോളിയനും തമ്മിൽ വഴിത്തർക്കത്തെ തുടന്ന് മൂന്ന് ദിവസം മുമ്പും വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നെപ്പോളിയന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി.