സുഭിക്ഷകേരളം പദ്ധതിക്ക് തുടക്കം
കൊല്ലം: ഭക്ഷ്യോത്പാദനത്തിൽ സംസ്ഥാനത്തെ സ്വയംപര്യാപ്തമാക്കാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷകേരളം പദ്ധതിയിലൂടെ ജില്ലയിൽ 3,393 ഹെക്ടർ തരിശുഭൂമി പച്ചപ്പണിയും. ആദ്യഘട്ടത്തിൽ 1,420. 25 ഹെക്ടറിൽ കൃഷി ചെയ്യുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി.
ജില്ലയിലാകെ 146.53 കോടി രൂപയുടെ 1,679 പദ്ധതികളാണ് സുഭിക്ഷ കേരളത്തിന്റെ ഭാഗമായി ഏറ്റെടുത്തിട്ടുള്ളത്. നെല്ല്, ചെറുധാന്യങ്ങൾ, പച്ചക്കറി, പഴവർഗങ്ങൾ, വാഴ എന്നിങ്ങനെ ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതും വിപണന മൂല്യമുള്ളതുമായ വിളകളാണ് കൃഷി ചെയ്യുക. തരിശ് ഭൂമിയിൽ കൃഷി വ്യാപിപ്പിക്കുന്നതിനോടൊപ്പം തന്നെ മുഖ്യവിളകൾക്കൊപ്പം ഇടവിളയായി പച്ചക്കറി, വാഴ, കിഴങ്ങുവർഗ വിളകൾ, ചെറുധാന്യങ്ങൾ തുടങ്ങിയവ കൃഷി ചെയ്യാനും പദ്ധതികളുണ്ട്. ഒരു ലക്ഷം ഹെക്ടറിൽ ഇടവിള കൃഷിയാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിൽ 3,75,371 ഫലവൃക്ഷ തൈകൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. രണ്ടാംഘട്ടം ആഗസ്റ്റോടെ പൂർത്തിയാവും. കൃഷി ഫാമുകൾ, വി.എഫ്.പി.സി.കെ, കാർഷിക സർവകലാശാല, എം.എൻ.ആർ.ഇ.ജി, അഗ്രോ സർവീസ് സെന്റർ, കാർഷിക കർമ സേന മുതലായവയാണ് വിതരണത്തിനുള്ള വൃക്ഷത്തൈകൾ ഉത്പാദിപ്പിച്ചത്.
ഞാറ്റുവേല ചന്തകൾ
കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനുമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും 'ഞാറ്റുവേല ചന്തകൾ' പ്രവർത്തിക്കുന്നു. അശ്വതി ഞാറ്റുവേല മുതൽ തിരുവാതിര ഞാറ്റുവേല വരെയായിരിക്കും ചന്തകൾ. കൃഷിവകുപ്പിന്റെയും മറ്റ് ഏജൻസികളുടെയും വിത്ത്, വളം, ജൈവകീടനാശിനികൾ തുടങ്ങി കർഷകർക്കാവശ്യമായതെല്ലാം ചന്തകളിൽ എത്തിക്കും.
പദ്ധതിക്കായി നീക്കിവച്ച തുക (കോടിയിൽ)
കൃഷി: 52.33
മൃഗസംരക്ഷണം: 60.84
ക്ഷീരവികസനം: 23.24
മത്സ്യം: 10.12
...........
ജില്ലയിൽ കൃഷിയിറക്കുന്നത്:
3,393 ഹെക്ടറിൽ
തയ്യാറാക്കിയ ഫലവൃക്ഷ തൈകൾ:
3,75,371
''
സുഭിക്ഷ കേരളം പദ്ധതിയിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ പൊതുജന പങ്കാളിത്തത്തോടെ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. കൃഷിഭവന് കീഴിലുള്ള തരിശ് ഭൂമി കണ്ടെത്തുക, കൃഷി വ്യാപിപ്പിക്കുക, കൃഷിക്കായി ഭൂമി വിട്ടുകൊടുക്കുക എന്നീ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് കമ്മറ്റികൾ.
വി. ജയ, പ്രിൻസിപ്പൽ കൃഷി ഓഫീസർ