police

കൊവിഡിനെ തുടർന്ന് സ്വന്തം നാട്ടിലേക്ക് പലായനം ചെയ്യുന്ന ഒരു കുടുംബത്തിന് രക്ഷകരായി പൊലീസ്. ഉത്തരേന്ത്യയിലാണ് സംഭവം. ഇ-റിക്ഷയിൽ സ്വന്തം നാടായ ബീഹാറിലേക്ക് പോകുകയായിരുന്ന ഒരു കുടുംബത്തിനാണ് പൊലീസിൽ നിന്നും സഹായവും കരുതലും ലഭിച്ചത്. ഇ-റിക്ഷയുമായി പോകും വഴി പെട്ടെന്ന് റിക്ഷയുടെ ചാർജ്ജ് തീർന്നു. പിന്നെ ഉന്തുകയല്ലാതെ വേറെ വഴിയൊന്നുമില്ലായിരുന്നു. ഒരു കുടുംബം ഈ രീതിയിൽ ദേശീയപാതയിൽ കഷ്ടപ്പെടുന്നതുകണ്ട പൊലീസ് ഉടൻ പാഞ്ഞെത്തി. തങ്ങൾ എന്ത് തെറ്റു ചെയ്തു എന്ന് വിചാരിച്ച് പേടിച്ചുപോയ കുടുംബത്തോട് തങ്ങൾ സഹായിക്കാൻ എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഉടനെ തൊട്ടടുത്തുള്ള ഒരു ഹോട്ടലിലേക്ക് ഈ വാഹനം പൊലീസ് വാഹനത്തിൽ കെട്ടിവലിച്ച് കൊണ്ടുപോയി.തുടർന്ന് ബാറ്ററി ചാർജ്ജ് ചെയ്യാൻ വച്ചു.ആ സമയത്ത് റിക്ഷയിൽ യാത്ര ചെയ്ത സകലർക്കും ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകാനും മാഥുര പൊലീസ് മറന്നില്ല.

ഓർക്കാപ്പുറത്ത് മനസും വയറും നിറച്ച സമീപനവുമായെത്തിയ പൊലീസിനോട് നന്ദി പറഞ്ഞ് കുടുംബം യാത്ര തിരിച്ചു.ഈ സംഭവം മാഥുര പൊലീസ് തന്നെ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.26 മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസുകാരുടെ കറുത്ത ടൊയോട്ട ഇന്നോവ പൈലറ്റ് വാഹനം റിക്ഷ കെട്ടി വലിക്കുന്നതുകാണാം.ധാരാളം പേർ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തി.