പദ്ധതിയിൽ വീടൊരുങ്ങിയത് 16,206 കുടുംബങ്ങൾക്ക്
കൊല്ലം: ലൈഫ് പദ്ധതിയിലൂടെ മൂന്ന് വർഷത്തിനിടെ ജില്ലയിലെ 16,206 കുടുംബങ്ങൾക്ക് കരുതലും സുരക്ഷയും ഒരുങ്ങി. പ്രാധാനമന്ത്രി ആവാസ് യോജനയുടെ നഗര - ഗ്രാമീണ പദ്ധതികളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച 5,377 വീടുകൾ ഉൾപ്പെടെയാണിത്.
ജില്ലയിലെ 68 പഞ്ചായത്തുകളിലായി 11,620, പരവൂർ, പുനലൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിലിപ്പാലിറ്റികളിലായി 2,048, കൊല്ലം നഗരസഭയിൽ 2,538 എന്നിങ്ങനെയാണ് ഇതിനകം പൂർത്തീകരിച്ച വീടുകളുടെ കണക്ക്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് പദ്ധതി വിഭാവനം ചെയ്തത്. വിവിധ പദ്ധതികൾ പ്രകാരം നിർമ്മാണം ആരംഭിക്കുകയും പാതിവഴിയിൽ നിലയ്ക്കുകയും ചെയ്ത വീടുകളുടെ പൂർത്തീകരണമാണ് ആദ്യഘട്ടത്തിൽ നടത്തിയത്. ഭൂമിയുള്ള ഭവനരഹിതർക്ക് പഞ്ചായത്തുകൾ മുഖേനെ ധനസഹായം അനുവദിച്ചാണ് രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. നാലുലക്ഷം രൂപ വരെയാണ് വീട് നിർമ്മാണത്തിന് അനുവദിക്കുക. രണ്ടാം ഘട്ട ഗുണഭോക്താക്കളിൽ ഇനിയും വീട് നിർമ്മാണത്തിന് എഗ്രിമെന്റ് വച്ചിട്ടില്ലാത്തവർക്ക് ജൂൺ 30 വരെ സമയമുണ്ട്. വീടും വസ്തുവും ഇല്ലാത്തവർക്ക് ഭവന സമുച്ചയങ്ങളൊരുക്കുകയാണ് മൂന്നാം ഘട്ടത്തിൽ. ഇതിലെ ഗുണഭോക്താക്കളിൽ രേഖകൾ സമർപ്പിക്കാത്തവർക്ക് 18 വരെ സമയം അനുവദിച്ചിട്ടുണ്ട്.
അന്തസാർന്ന ജീവിതം ഉറപ്പ്
ഭവനരഹിതർക്ക് വീട് മാത്രമല്ല, അന്തസാർന്ന ജീവിതം ഉറപ്പാക്കാനും സർക്കാർ വകുപ്പുകൾ ഒപ്പം നിന്നു. സംസ്ഥാനത്തെ രണ്ടുലക്ഷം വീടുകളുടെ പ്രഖ്യാപനത്തിന് മുന്നോടിയായി നടത്തിയ കുടുംബ സംഗമങ്ങൾ ഇരുപതിലേറെ സർക്കാർ വകുപ്പുകളുടെ അദാലത്താക്കി മാറ്റി. കുടുംബത്തിന്റെ വിവിധ ആവശ്യങ്ങൾ മുതൽ സ്വയം തൊഴിലിലൂടെ ജീവിത മാർഗം കണ്ടെത്താൻ വരെ വേദിയൊരുങ്ങി. പെൻഷൻ, വൈദ്യുതി - കുടിവെള്ള ലഭ്യത തുടങ്ങി പലതും പ്രയോജനപ്പെടുത്താൻ അദാലത്തിലൂടെ ഗുണഭോക്താക്കൾക്കായി.
ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത്
1. 2017ൽ കുടുംബശ്രീ സർവേയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടിക
2. തദ്ദേശ സ്ഥാപനങ്ങളുടെ പക്കലുണ്ടായിരുന്ന ഭവനരഹിതരുടെ ലിസ്റ്റ് കൂടി താരതമ്യം ചെയ്‌ത് പട്ടിക പ്രസിദ്ധീകരിച്ചു
3. പരാതികൾ കേൾക്കാൻ തദ്ദേശ സ്ഥാപനങ്ങളിലും പിന്നീട് ജില്ലാ ഭരണകൂടത്തിലും അവസരം ഒരുക്കി
4. ഇതിന് ശേഷം ഗ്രാമസഭകളുടെ അംഗീകാരത്തോടെ ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ചു
5. ഒരു റേഷൻ കാർഡിന് ഒരു വീട് എന്നതായിരുന്നു സർക്കാർ നിർദേശം
6. ഇതുമൂലം അവസരം ലഭിക്കാതിരുന്നവർക്കായി പുതിയ പദ്ധതിക്ക് സർക്കാർ നിർദേശം
7. കഴിഞ്ഞ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്ക് അടുത്ത മാസത്തോടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ അവസരം
8. ആഗസ്റ്റ് 31ന് മുമ്പ് പുതിയ ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ ശ്രമം
പാർപ്പിടം നിർമ്മിച്ച് നൽകിയത്
1. ഭൂമിയുള്ള ഭവന രഹിതർക്ക് വീട് നിർമ്മാണത്തിന് നാലുലക്ഷം
2. 80,000 രൂപ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം, 2,20,000 രൂപ ഹെഡ്കോയിൽ നിന്നുള്ള വായ്‌പ, ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാർ വിഹിതം
3. തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിന്റെ 20 ശതമാനം ലൈഫ് പദ്ധതിക്കായി മാറ്റിവയ്ക്കണം
4. ഹെഡ്കോയിൽ നിന്നുള്ള ലോൺ 15 വർഷത്തിനകം തദ്ദേശ സ്ഥാപനം അടച്ചുതീർക്കണം
5. വീടും വസ്തുവും ഇല്ലാത്തവർക്ക് വീടുവയ്ക്കാൻ മൂന്ന് സെന്റ് വസ്‌തു വാങ്ങാൻ തദ്ദേശ സ്ഥാപനത്തിന്റെ തനത് ഫണ്ട് അല്ലെങ്കിൽ പ്ലാൻ ഫണ്ട് ഉപയോഗിക്കാം
6. പ്രധാനമന്ത്രി ആവാസ് യോജനയിൽ (ഗ്രാമീണ) കേന്ദ്ര വിഹിതം 72,000 രൂപ ലഭിക്കും. 48,000 രൂപ സംസ്ഥാന വിഹിതവും ശേഷിക്കുന്നവ തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവുമാണ്
7. പ്രധാനമന്ത്രി ആവാസ് യോജനയിൽ (നഗരം) കേന്ദ്ര വിഹിതമായി 1.5 ലക്ഷം ലഭിക്കും. സംസ്ഥാന സർക്കാർ വിഹിതം അരലക്ഷവും മുനിസിപ്പാലിറ്റി / കോർപ്പറേഷൻ വിഹിതം രണ്ടുലക്ഷം രൂപയുമാണ്
8. ലൈഫ് പദ്ധതിയിൽ പൂർത്തീകരിക്കുന്ന വീടുകൾ 12 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ല
ലൈഫ് പദ്ധതിയിൽ ജില്ലയിൽ
പൂർത്തീകരിച്ച വീടുകൾ
ഒന്നാം ഘട്ടം: 36,122
രണ്ടാം ഘട്ടം: 72,173
പ്രധാനമന്ത്രി ആവാസ് യോജന
(ഗ്രാമീണ): 1,398
(നഗരം): 3,979
''
ഭവനരഹിതർക്ക് വീട് മാത്രമല്ല അന്തസാർന്ന ജീവിതവും ലൈഫ് പദ്ധതിയിലൂടെ സർക്കാർ ഉറപ്പ് വരുത്തുന്നുണ്ട്.
ആർ.ശരത്ചന്ദ്രൻ,
ജില്ലാ കോ- ഓർഡിനേറ്റർ, ലൈഫ് മിഷൻ