school

കൊല്ലം: അദ്ധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളുടെ അറ്റകുറ്റപ്പണി അതിവേഗത്തിൽ പുരോഗമിക്കുന്നു. കെട്ടിടങ്ങളുടെ ഉറപ്പിന് പുറമേ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.

സർക്കാർ സ്കൂളുകളുടെ അറ്റകുറ്റപ്പണി തദ്ദേശ സ്ഥാപനങ്ങളുടെയും എയ്ഡ് സ്കൂളുകളിൽ മാനേജ്മെന്റിന്റെയും നേതൃത്വത്തിലാണ് നടക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുള്ള എയ്ഡഡ് സ്കൂളുകൾക്കും തദ്ദേശ സ്ഥാപനങ്ങൾ സഹായം നൽകുന്നുണ്ട്. എല്ലാവർഷവും മേയ് 31ന് മുൻപാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സ്കൂൾ അധികൃതർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ലോക്ക് ഡൗണായതിനാൽ ഇത്തവണ വളരെ വൈകിയാണ് നിർമ്മാണ പ്രവൃത്തികൾ തുടങ്ങിയത്. സ്കൂൾ തുറക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലാത്തതിനാൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട അവസാന തീയതിയും തീരുമാനിച്ചിട്ടില്ല.

പഴയ അവസ്ഥയിൽ നിന്ന് വ്യത്യസ്തമായി ജില്ലയിലെ ഭൂരിഭാഗം സർക്കാർ സ്കൂളുകളിലും ഇപ്പോൾ മോശമല്ലാത്ത കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കുട്ടികൾ തീരെ കുറവുള്ള ചില എയ്ഡഡ് സ്കൂളുകളാണ് ശോച്യാവസ്ഥയിലുള്ളത്.

എൽ.പി: 494

യു.പി: 224

എച്ച്.എസ്: 276

എച്ച്.എസ്.ഇ: 138

വി.എച്ച്.എസ്.ഇ: 52

സർക്കാർ നിർദ്ദേശങ്ങൾ

1. കെട്ടിടത്തിന്റെ മാത്രമല്ല, കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കണം

2. കെട്ടിടവും ഫർണിച്ചറുകളും ശൗചാലയങ്ങളും അണുവിമുക്തമാക്കണം

3. കക്കൂസുകളിൽ ജലലഭ്യതയും സാനിട്ടൈസറും സോപ്പും ഉറപ്പാക്കണം

4. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകൾ നിർമ്മിക്കണം

5. സ്ത്രീസൗഹൃദ, ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ ലഭ്യമാക്കണം

6. പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ഉറപ്പാക്കണം

7. സ്കൂൾ പരിസരത്ത് അപകടകരമാം വിധത്തിൽ നിൽക്കുന്ന വൃക്ഷങ്ങൾ മുറിക്കണം

8. വെള്ളം കെട്ടി നിൽക്കുന്ന കുഴികൾ ഉണ്ടാകരുത്

9. ഇഴജന്തുക്കൾ കയറിയിരിക്കാൻ സാദ്ധ്യതയുള്ള മാളങ്ങളോ ചവറുകൂനകളോ ഉണ്ടാകരുത്