തഴവ: കളരി പരമ്പര ദൈവങ്ങൾക്ക് കർപ്പൂരം തെളിച്ച് ഓച്ചിറക്കളി സമാപിച്ചു. കളി ഒന്നാം ദിവസം നടന്നതിനേക്കാൾ ലളിതമായ ചടങ്ങുകളാണ് ഇന്നലെ നടന്നത്. ക്ഷേത്ര ആൽത്തറ ചുറ്റിയുള്ള ഘോഷയാത്രയും ധ്വജ കൈമാറ്റവും ഉൾപ്പെടെയുള്ളവ കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ആചാരം മാത്രമായാണ് നടത്തിയത്. തുടർന്ന് നാമമാത്രമായ കരപ്രതിനിധികൾ കളിക്കളത്തിലിറങ്ങി ഹസ്തദാനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പത്ത് കളിയാശാന്മാർ അടവ് പറഞ്ഞ് വടി മുട്ടിച്ച് മടങ്ങിയതോടെ കളി അവസാനിച്ചു.
കളിക്കളത്തിന്റെ വടക്കേ കൽപ്പടവിനോട് ചേർന്നുള്ള കൽവിളക്കിലെ കർപ്പൂര നാളത്തിന് കരമുഴിയുവാനോ, കാണിക്ക സമർപ്പിക്കുവാനോ ഇത്തവണ ആരും ഉണ്ടായില്ല. പൊലീസ് സേനാംഗങ്ങളും ആരോഗ്യ പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും എതാനും ചില ഭരണസമിതി അംഗങ്ങളും മാത്രമായിരുന്നു ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്.
സാധാരണ ഗതിയിൽ ഒന്നാം ദിവസവും രണ്ടാം ദിവസം കളിക്ക് മുൻപ് നടത്തിയിരുന്ന കരക്കളി ഇത്തവണ പൂർണമായും ഒഴിവാക്കിയിരുന്നു. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് പ്രൊഫ. ശ്രീധരൻ പിള്ള, സെക്രട്ടറി കളരിക്കൽ ജയപ്രകാശ്, ട്രഷറർ വിമൽ ഡാനി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.