കൂടുതൽ യുവാക്കൾ കൃഷിയിലേക്ക്
വിൽപ്പന വില: 300 രൂപ
മൊത്തവില: 200 രൂപ
കൊല്ലം: അടുക്കള തോട്ടത്തിൽ ഇനി ഉണ്ട മുളകിന്റെ നാല് തൈകൾ കൂടി നട്ടോളൂ. ചെറിയൊരു പരിപാലനം മാത്രം മതി, ആഴ്ച തോറും ചെറുതല്ലാത്തൊരു തുക കൈയിലെത്തും. ഉണ്ട മുളകിന്റെ വിൽപ്പന വില ജില്ലയിലെ വിപണികളിൽ മുന്നൂറ് രൂപ കടന്നു. ഉപഭോക്താവിന് നേരിട്ട് വിൽക്കാൻ കഴിയുന്ന കർഷകന് മൂന്നൂറ് രൂപയും പോക്കറ്റിലാക്കാം.
ഇടനിലക്കാർക്ക് മൊത്തക്കച്ചവടം നടത്തിയാലും 200 രൂപയിലേറെവില കിട്ടും. ചാമ്പലും ചാണകവും തുടങ്ങി സുലഭമായ ജൈവ വളങ്ങൽ മാത്രം മതി ഉണ്ട മുളക് ചെടി തഴച്ചുവളർന്ന് ഫലം തരാൻ. നന്നായി വിളവ് തരുന്ന ചെടിയിൽ നിന്ന് ഏഴ് ദിവസം മുതൽ പത്ത് ദിവസം വരെയുള്ള ഇടവേളകളിൽ മുളക് പറിക്കാം.
ഒരു ചെടിയിൽ നിന്ന് അര കിലോ മുതൽ ഒരു കിലോ വരെ ലഭിച്ചേക്കാം. വ്യാസായികാടിസ്ഥാനത്തിൽ വൻ തോതിൽ ഉണ്ട മുളക് കൃഷി നടത്തുന്ന കർഷകർ ജില്ലയിലുണ്ട്. ലോക്ക് ഡൗണിന്റെ കർശന നിയന്ത്രണ കാലത്തും ഇപ്പോഴും മുളകിന് ആവശ്യക്കാരെയാണ്. സാമാന്യം ഭേദപ്പെട്ട വില ലഭിക്കുമെന്നതിനാൽ കൃഷിയിലേക്ക് കൂടുതൽ യുവാക്കളും തിരിഞ്ഞിട്ടുണ്ട്.