photo
ഞാങ്കടവ് പദ്ധതിക്കായി പുത്തൂർ ഞാങ്കടവിൽ പൂർത്തിയായ പമ്പ് ഹൗസ്

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കുന്നതിന് അടുത്ത മാസം തുടക്കമാകും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. കല്ലടയാറ്റിൽ നീരൊഴുക്ക് കൂടുതലായതിനാലാണ് നിർമ്മാണം നീണ്ടുപോകുന്നത്. കരാർ ഏറ്റെടുത്ത കോൺട്രാക്ടർ സ്ഥലം സന്ദർശിച്ചു. 25 കോടി രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയത്.

പദ്ധതിയുടെ ഭാഗമായി കല്ലടയാറിന്റെ തീരത്തെ ഞാങ്കടവിൽ കിണറും പമ്പ് ഹൗസും പൂർത്തിയായിരുന്നു. ഇതിൽ നിന്ന് നൂറ് മീറ്റർ അകലെയാണ് തടയണ നിർമ്മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതിരിക്കാനും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിർമ്മിക്കുന്നത്. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 88 മീറ്റർ നീളമുള്ളതാണ് തടയണ. പഴയ ചീപ്പിനെപ്പോലെ റഗുലേറ്റർ മാതൃകയിലാണ് ഇതും നിർമ്മിക്കുന്നത്.

അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോൺക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർ‌ത്തുകയും താഴ്‌ത്തുകയും ചെയ്യാം. ഹൈടെക് സംവിധാനങ്ങളാണ് ഇതിനായി ഉപയോഗിക്കുക്കുന്നത്. കോൺക്രീറ്റിൽ നിർമ്മിക്കുന്ന തടയണയിൽ സ്റ്റീൽ ഷട്ടറുകളുണ്ടാകും. മഴക്കാലത്ത് അധിക ജലമെത്തുമ്പോൾ ഷട്ടർ തുറന്നുവിടാനുള്ള സൗകര്യവും ഒരുക്കും.

ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. പാലത്തിന്റെ നിലനിൽപ്പിന് യാതൊരു ദോഷവും ഉണ്ടാകില്ലെന്ന് വിലയിരുത്തിയ ശേഷമാണ് തടയണ നിർമ്മാണത്തിന് അനുമതി നൽകിയത്. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. മഴക്കാലത്തിന് മുൻപ് നിർമ്മാണത്തിന്റെ നല്ലൊരു ഘട്ടം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ലോക്ക് ‌ഡൗൺ നിയന്ത്രണങ്ങൾ തിരിച്ചടിയായി. ഒന്നര വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാകുമെന്നാണ് കണക്കാക്കുന്നത്.

ഭൂമി ഏറ്റെടുക്കും

ഞാങ്കടവ് പദ്ധതിയുടെ ഭാഗമായി കല്ലടയാറിന്റെ തീരത്തെ 15 സെന്റ് ഭൂമി വാട്ടർ അതോറിറ്റി ഏറ്റെടുക്കും. സ്വകാര്യ വ്യക്തിയിൽ നിന്നാണ് ഭൂമി വിലയ്ക്ക് വാങ്ങുന്നത്. ഇതിന്റെ വില നിശ്ചയിക്കലടക്കം പൂർത്തിയാക്കി. ഏഴ് ലക്ഷം രൂപ ഭൂമിയുടെ ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ശേഷിക്കുന്ന തുക രണ്ട് ദിവസത്തിനുള്ളിൽ നൽകി ഭൂമി രജിസ്റ്റർ ചെയ്യും. ഞാങ്കടവിൽ പണി പൂർത്തിയായ പമ്പ് ഹൗസിനോട് ചേർന്നുള്ളതാണ് ഭൂമി.

ഞാങ്കടവ് കുടിവെള്ള പദ്ധതി

01. ആരംഭിച്ചത്: 2018ൽ

02. അനുവദിച്ചത്: 313.35 കോടി രൂപ

03. തുക കിഫ്ബിയിലും അമൃത് പദ്ധതിയിലും 04. വസൂരിച്ചിറയിൽ ടാങ്ക് നിർമ്മാണം 05. കൊല്ലം നഗരസഭയ്ക്കും നേട്ടം

തടയണ നിർമ്മാണം ഇങ്ങനെ

01. അനുവദിച്ചത്: 25 കോടി രൂപ

02. പമ്പ് ഹൗസിൽ നിന്ന് 100 മീറ്റർ അകലം

03. തടയണയുടെ നീളം:88 മീറ്റ‌ർ

04. പിന്തുടരുന്നത് റെഗുലേറ്റ‌ർ മാതൃക

05. സ്റ്റീൽ ഷട്ടർ: 6 മീറ്റർ ഉയരത്തിൽ

06. മഴക്കാലത്ത് അധികവെള്ളം പുറത്തേക്ക്