ജില്ലയിൽ 40 കി. മീറ്റർ നീളത്തിൽ സെമി ഹൈസ്പീഡ് റെയിൽപാത
കൊല്ലം: തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള സെമി ഹൈസ്പീഡ് റെയിൽപാത (സിൽവർ ലൈൻ) ജില്ലയിലൂടെ 40 കി. മീറ്റർ നീളത്തിൽ കടന്നുപോകും. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, മുഖത്തല, കുണ്ടറ, ഭരണിക്കാവ് എന്നിവിടങ്ങളിലൂടെയാണ് സിൽവർ ലൈൻ കടന്നുപോകുന്നത്.
പുതിയ റെയിൽ പാതയ്ക്ക് നിലവിലെ ദേശീയപാതയിൽ നിന്ന് ഒന്ന് മുതൽ മൂന്ന് കിലോമീറ്റർ വരെ അകലമുണ്ടാകും. ചാത്തന്നൂരിന് തൊട്ടുമുൻപും ബൈപ്പാസ് ആരംഭിക്കുന്ന മേവറത്തും ദേശീയപാതയെ മുറിച്ചുകടക്കും. ഇവിടെ രണ്ടിടങ്ങളിലും ദേശീയപാതയ്ക്ക് കുറുകെ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കും. കുണ്ടറയ്ക്ക് സമീപം ചെങ്കോട്ട റെയിൽപ്പാത മുറിച്ചുകടക്കും. ഇവിടെ അടിപ്പാതയിലൂടെയാകും സെമി ഹൈസ്പീഡ് ട്രെയിൻ കടന്നുപോകുക.
ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിയുടെ കൃത്യമായ അളവ് കണക്കാക്കി വരുന്നതേയുള്ളു. ഇത് പൂർത്തിയായാൽ ഉടൻ താലൂക്ക് അടിസ്ഥാനത്തിൽ ലാൻഡ് അക്വിസിഷൻ യൂണിറ്റുകൾ തുടങ്ങി ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിക്കും. 10 മുതൽ 25 മീറ്റർ വരെ വീതിയിലാകും റെയിൽപ്പാത നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുക.
ഏക മെയിന്റനൻസ് ഡിപ്പോയും
റോറോ സ്റ്റേഷനും ജില്ലയിൽ
സെമി ഹൈസ്പീഡ് റെയിലിന്റെ സംസ്ഥാനത്തെ ഏക മെയിന്റനൻസ് ഡിപ്പോ ജില്ലയിലാണ്. ജില്ലയിലെ ഏക സ്റ്റേഷനായ മുഖത്തലയോട് ചേർന്നാകും മെയിന്റൻസ് ഡിപ്പോയും. ഇതിന് പുറമെ കാസർകോട് മിനി മെയിന്റനൻസ് ഡിപ്പോ ഉണ്ടാകും. ബൈപ്പാസിൽ നിന്ന് രണ്ടര കിലോ മീറ്റർ മാറിയാകും സ്റ്റേഷനും മെയിന്റനൻസ് ഡിപ്പോയും. ഇവിടെ പാസഞ്ചർ സ്റ്റേഷനൊപ്പം റോറോ സ്റ്റേഷനും ഉണ്ടാകും. അന്യ സംസ്ഥാനങ്ങളിൽ നിന്ന് റോറോ കപ്പലുകളിൽ കൊല്ലം പോർട്ടിലെത്തുന്ന ചരക്ക് ലോറികൾ ഇവിടെ നിന്ന് ട്രെയിനിൽ കയറ്റി സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുപോകാം.
സെമി ഹൈസ്പീഡ് റെയിൽപാത
ജില്ലയിൽ: 40 കി. മീറ്റർ
ദേശീയപാതയിൽ നിന്നുള്ള അകലം
1 - 4 കി. മീറ്റർ
വീതി:
10 - 25 മീറ്റർ
കടന്നുപോകുന്നത്
പാരിപ്പള്ളി
ചാത്തന്നൂർ
കൊട്ടിയം
മുഖത്തല
കുണ്ടറ
ഭരണിക്കാവ്
''
കൊല്ലം പോർട്ടിലെത്തുന്ന റോറോ കപ്പലുകളിൽ നിന്ന് ചരക്ക് ലോറികൾ എത്തിത്തുടങ്ങുന്നതോടെ പോർട്ടിന്റെ ശനിദശയും മാറും.
റെയിൽവേ