ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ പങ്കാളികളായി
കൊല്ലം: കൊവിഡ് കാലത്തിന്റെ വെല്ലുവിളികളെ മറികടന്ന് സമൂഹിക മാദ്ധ്യമങ്ങളിലൂടെ ബി.ജെ.പി നടത്തിയ വെർച്വൽ റാലി പ്രവർത്തകർക്ക് പുത്തൻ അനുഭവവും ആവേശവുമായി. രണ്ടാം മോദി സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെർച്വൽ റാലിയിൽ കൊല്ലത്തെ വീടുകളിലിരുന്ന് ആയിരക്കണക്കിന് ബി.ജെ.പി പ്രവർത്തകർ പങ്കാളികളായി.
ബി.ജെ.പിയുടെ വിവിധ നവമാദ്ധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഇന്നലെ വൈകിട്ട് അഞ്ചോടെ റാലി ആരംഭിച്ചു. ഡൽഹിയിലെ വേദിയിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ റാലി ഉദ്ഘാടനം ചെയ്‌തു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നദ്ദയ്ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഒ. രാജഗോപാൽ എം.എൽ.എ, കെ.രാമൻപിള്ള, പി.കെ.കൃഷ്‌ണദാസ് എന്നിവർ തിരുവനന്തപുരത്തെ വേദിയിലെത്തി. കൊല്ലം ആനന്ദവല്ലീശ്വരം തോപ്പിൽകടവ് ജയശങ്കർ ഗാർഡൻസിലെ വേദിയിൽ ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, മറ്റ് ജില്ലാ നേതാക്കൾ എന്നിവർ പങ്കെടുത്തു. നിയോജക മണ്ഡലം - പഞ്ചായത്ത് - ഏരിയാ കേന്ദ്രങ്ങളിൽ റാലി തത്സമയം പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കിയിരുന്നു. കുടുംബാംഗങ്ങൾക്കൊപ്പമാണ് ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ എന്നിവയിലൂടെ പ്രവർത്തകർ വീടുകളിലിരുന്ന് റാലിയുടെ ഭാഗമായത്.