chinnakkada
സി.പി.ഐ.എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോക്ക് ഡൗണിൽ തൊഴിലും ജിവനോപാധിയും നഷ്ടമായവരോടുള്ള കേന്ദ്ര സർക്കാർ സമീപനത്തിനെതിരെ ജില്ലയിലെ ആയിരത്തോളം കേന്ദ്രങ്ങളിൽ സി.പി.എം പ്രവർത്തകർ ധർണ നടത്തി. പാർട്ടി ബ്രാഞ്ചുകളിലെ വിവിധ കേന്ദ്രങ്ങളിൽ അഞ്ച് പേർ വീതം പങ്കെടുക്കുന്ന തരത്തിലായിരുന്നു ധർണ. ജില്ലാ കേന്ദ്രത്തിലും ഏരിയാ - ലോക്കൽ കമ്മിറ്റി തലങ്ങളിലും കേന്ദ്രസർക്കാർ ഓഫീസിന് മുമ്പിലായിരുന്നു പ്രതിഷേധം. രാവിലെ 11ന് ആരംഭിച്ച ധർണ ഉച്ചയ്ക്ക് 12ന് സമാപിച്ചു.

ആദായ നികുതി നൽകാത്ത മുഴുവൻ കുടുംബത്തിനും മാസം 7500 രൂപ വീതം 6 മാസത്തേക്ക് നൽകുക എന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ പങ്കെടുത്തു.

പരവൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൂറ്റിപ്പത്ത് കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. മുനിസിപ്പൽ ഓഫീസ് ജംഗ്ഷനിൽ കെ.പി. കുറുപ്പ്, ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ കെ. സേതുമാധവൻ, പോസ്റ്റാഫീസ് ജംഗ്ഷനിൽ എസ്. ശ്രീലാൽ, മാർക്കറ്റിൽ എ. സഫറുള്ള എന്നിവർ ഉദ്ഘാടനം ചെയ്തു. ബി. സോമൻ പിള്ള, ബി. അശോക് കുമാർ, ടി.സി. രാജു, സി. പ്രസാദ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരത്തിലധികം കേന്ദ്രങ്ങളിൽ ദേശീയ പ്രക്ഷോഭം സംഘടിപ്പിച്ചു. കൊട്ടിയം ടൗണിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. രാജേന്ദ്രൻ, ഉമയനല്ലൂരിൽ ഏരിയാ സെക്രട്ടറി എൻ. സന്തോഷ്, ഡീസന്റ് ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി അംഗം കെ. സുഭഗൻ, ടി.ബി ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി അംഗം ആർ. ബിജു വെളിച്ചിക്കാല എന്നിവർ ഉദ്ഘാടനം ചെയ്തു.

കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 555 കേന്ദ്രങ്ങളിൽ ധർണ സംഘടിപ്പിച്ചു. കിളികൊല്ലൂർ മൂന്നാംകുറ്റിയിൽ ഏരിയാ സെക്രട്ടറി എസ്. പ്രസാദും പള്ളിമുക്കിൽ എം. നൗഷാദ് എം.എൽ എയും ഉദ്ഘാടനം ചെയ്തു.

അയത്തിൽ ജെ.എസ് ഫാക്ടറിക്ക് മുന്നിൽ കശുഅണ്ടി തൊഴിലാളികൾ നടത്തിയ ധർണ എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു നേതാവ് നാസിമുദ്ദീൻ, നസിയത്ത്, സുധർമ്മ എന്നിവർ നേതൃത്വം നൽകി.