പുനലൂർ: ഉപയോഗിച്ചുകൊണ്ടിരുന്ന ബൈക്കും 300 കിലോ ആക്രി സാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ബി.ജെ.പി നേതാവ്. ബി.ജെ.പി ഇട്ടിവ പഞ്ചായത്ത് സമിതി പ്രസിഡന്റ് സി.സി. പ്രമോദാണ് തന്റെ സ്വന്തം ബൈക്കും സ്ഥാപനത്തിലെ ആക്രി സാധനങ്ങളും വിറ്റ് പണം സ്വരൂപിക്കാൻ സംഭാവനയായി നൽകിയത്.
ഡി.വൈ.എഫ്.ഐ നടത്തുന്ന റീ സൈക്കിൾ കേരളയുടെ ഭാഗമായി ആക്രിസാധനങ്ങളും ബൈക്കും ബി.ജെ.പി നേതാവിൽ നിന്ന് കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഏറ്റുവാങ്ങി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയോടുള്ള താത്പര്യം മൂലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരാധീനത കാരണമാണ് കഴിയാതിരുന്നതെന്നും പ്രമോദ് പറഞ്ഞു.
ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അജാസ്, അമൽ, മുരളീധരൻ, റാഫി, രാഹുൽ, ഷാഹിൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.