കുന്നത്തൂർ: മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ ആറു മണിക്കൂറിന് ശേഷം അനുനയിപ്പിച്ച് താഴെയിറക്കി. ഭരണിക്കാവിന് സമീപത്തെ ലീഗൽ മെട്രോളജി ഓഫീസ് വളപ്പിലെ മൊബൈൽ ടവറിൽ രാവിലെ 8.30 ഓടെയാണ് സമീപവാസിയായ ദിനേഷ് (30) കയറിയത്.
അമിത മദ്യപാനം കാരണം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുണ്ടായിരുന്ന യുവാവ് കുറച്ച് നാളുകളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വാർക്കപ്പണിക്കാരനായ ദിനേശ് രാവിലെ ജോലിക്കായി വസ്ത്രങ്ങളടങ്ങിയ ബാഗുമായി വീട്ടിൽ നിന്നിറങ്ങിയതാണ്. ഇതിനിടെ മതിൽ ചാടിക്കടന്ന് ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ശാസ്താംകോട്ട പൊലീസും ഫയർഫോഴ്സും ബന്ധുക്കളെ ടവറിന് മുകളിലെത്തിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുകളിലേക്ക് കയറിയെങ്കിലും യുവാവിന്റെ ഭീഷണിയെ തുടർന്ന് ഇവരും പിന്തിരിഞ്ഞു. കൂടിനിൽക്കുന്നവരെ മാറ്റിയാൽ താഴെയിറങ്ങാമെന്ന് യുവാവ് അറിയിച്ചതിനെ തുടർന്ന് പൊലീസ് എല്ലാരെയും സ്ഥലത്ത് നിന്ന് മാറ്റിയെങ്കിലും യുവാവ് താഴെയിറങ്ങിയില്ല. ഒടുവിൽ ഉച്ചയ്ക്ക് 2.30 ഓടെ യുവാവ് സ്വയം താഴേക്കിറങ്ങുകയായിരുന്നു. യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.