photo
പെരുമ്പുഴ ചിറയടി ക്ഷേത്രത്തിൽ കടമ്പ് പൂവിട്ട് നിൽക്കുന്നു.

 ആരാധനയോടെ വിശ്വാസികൾ

കുണ്ടറ: പെരുമ്പുഴ ചിറയടി ശ്രീ മഹാദേവർ ക്ഷേത്രത്തിൽ പുവിട്ട കടമ്പ് മരം കൗതുകമായി. ചുറ്റമ്പലത്തിന് വെളിയിൽ നിൽക്കുന്ന മരത്തിന്റെ ക്ഷേത്രത്തിനുള്ളിലേക്ക് നിൽക്കുന്ന കൊമ്പിൽ മാത്രമാണ് മനോഹരമായ പൂക്കൾ വിരിഞ്ഞത്. മഹാദേവന്റെ ചൈതന്യമുള്ളത് കൊണ്ടാണ് കടമ്പ് പുവിട്ടതെന്ന് വിശ്വസികൾ പറയുന്നു. ക്ഷേത്രത്തിൽ അഞ്ച് വർഷമായി മഹാരുദ്രം നടന്നുവരികയാണ്. ആറാമത്തെ മഹാരുദ്രം നടക്കാനിരിക്കെയാണ് കടമ്പ് പൂവിട്ടത്.

പണ്ട് കാലങ്ങളിൽ മഴയ്ക്കൊപ്പം കടമ്പുമരങ്ങൾ പുഴയോരങ്ങളിൽ പൂക്കുന്നത് പതിവായിരുന്നുവെങ്കിലും ഇപ്പോൾ ഈമരങ്ങൾ അധികം കാണാറില്ല. കാവുകളോടനുബന്ധിച്ചും കടമ്പുമരങ്ങളുണ്ടായിരുന്നതിനാൽ വിശ്വാസികൾ ഇതിനെ ആരാധനയോടെയാണ് കാണുന്നത്. ടെന്നിസ് ബാളിന്റെ ആകൃതിയും വലിപ്പവുമുള്ള പൂക്കൾ കാണാൻ ഏറെ ഭംഗിയുള്ളവയാണ്. ടെന്നിസ് ബാൾ ട്രീ എന്നും പേരുണ്ട്. തെറ്റിച്ചെടിയുടെ വർഗത്തിൽ വരുന്ന മരത്തെ ആറ്റുതേക്ക്, കദംബ എന്നും അറിയപ്പെടുന്നുണ്ട്. പൂക്കൾക്ക് വെള്ളകലർന്ന ഓറഞ്ച് നിറമാണ്.

പുരാണ കഥയുമായും ബന്ധമുണ്ട്

പുരാണങ്ങളിലെ കഥയുമായും കടമ്പ് മരത്തിന് ബന്ധമുണ്ട്. ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുംവഴി യമുനാ നദിക്കരയിൽ നിൽക്കുന്ന കടമ്പ് മരത്തിൽ വിശ്രമിക്കാനിടയായി. കുറച്ച് അമൃത് മരത്തിൽ വീണു. പിന്നീട് കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയി. എന്നാൽ, കടമ്പു മരംമാത്രം ഉണങ്ങാതെനിന്നു. അമൃത് വീണതിനാലാണ് മരം ഉണങ്ങാതിരുന്നതെന്നാണ് വിശ്വാസം. കടമ്പിൽ കയറിയാണ് ശ്രീകൃഷ്ണൻ കാളിയമർദ്ദനത്തിനായി യമുനയിൽ ചാടിയതെന്നും കഥയുണ്ട്.

''

ഏഴുവർഷം മുൻപ് വച്ചുപിടിപ്പിച്ചതാണ് കടമ്പ്. കഴിഞ്ഞ വർഷം ആദ്യമായി മുന്ന് പൂവുകൾ വിരിഞ്ഞിരുന്നു. ഇത്തവണയാണ് ഇത്രയും പൂക്കൾ വിരിയുന്നത്.

ക്ഷേത്രം ഭാരവാഹികൾ