ശുചീകരണ തൊഴിലാളിയെ സ്ഥലം മാറ്റിയതിനെ ചൊല്ലി ഭിന്നത
കൊല്ലം: നഗരസഭയിൽ സി.പി.എം അനുഭാവ ശുചീകരണ തൊഴിലാളി യൂണിയനിൽ നിന്ന് രാജിവച്ച് സി.പി.ഐ അനുകൂല സംഘടനയിൽ ചേർന്നയാൾക്ക് സ്ഥലം മാറ്റം നൽകിയതിനെ ചൊല്ലി ഇരുപാർട്ടികളും തമ്മിൽ തർക്കം. പരാതി ഇരുപാർട്ടികളുടെയും ജില്ലാ നേതൃത്വത്തിന്റെ മുന്നിലെത്തിയതോടെ എൽ.ഡി.എഫ് പാർലമെന്റി പാർട്ടി യോഗം വിളിച്ച് ചേർക്കാൻ നിർദ്ദേശിച്ചു.
കോർപ്പറേഷനിലെ സ്ഥലം മാറ്റങ്ങൾ ബന്ധപ്പെട്ട സ്ഥിരം സമിതികളുമായി ആലോചിച്ച ശേഷമേ നടത്താവു എന്നാണ് ഭരണമുന്നണിയിലെ ഇരുപാർട്ടികളും തമ്മിലുള്ള ധാരണ. എന്നാൽ ഇതിന് വിരുദ്ധമായി സ്വന്തം പാർട്ടിക്കാരന്റെ അപേക്ഷയിൽ തീരുമാനമെടുത്തുവെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
തേവള്ളി ഹെൽത്ത് ഓഫീസിലെ ശുചീകരണ തൊഴിലാളിയെ ഇരവിപുരം ഹെൽത്ത് ഓഫീസിലേക്കാണ് മാറ്റിയത്. കഴിഞ്ഞ മാസം നിരവധി തൊഴിലാളികൾ ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. അതിലേറെയും തേവള്ളി ഹെൽത്ത് ഓഫീസിന് കീഴിൽ ജോലി ചെയ്തിരുന്നവരാണ്. ആളില്ലാത്ത സ്ഥലത്ത് നിന്ന് ഒരാളെ സ്ഥലം മാറ്റിയതിലും സി.പി.എമ്മിന് എതിർപ്പുണ്ട്. തേവള്ളിയിലേക്ക് പകരം ഒരാളെ നിയമിക്കാനുള്ള മേയറുടെ നീക്കത്തിനും സി.പി.എം തടയിട്ടിരിക്കുകയാണ്.
സംഘടന മാറിയതിന്റെ വൈരാഗ്യത്തിൽ അർഹതപ്പെട്ട സ്ഥലം മാറ്റം നഗരസഭയിലെ ഒരു വിഭാഗം നാളുകളായി തടഞ്ഞുവച്ചിരിക്കുന്നുവെന്നും മേയർ നീതി ലഭ്യമാക്കുകയാണ് ചെയ്തതെന്നും സി.പി.ഐ അനുകൂല സംഘടനാ നേതാക്കൾ പറഞ്ഞു. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ മേയറും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനും തയ്യാറായില്ല.