അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശക്തിയേറിയ കഥാപാത്രമായിരുന്നു ബിലാൽ. ബിഗ്ബിയുടെ വ്യത്യസ്തമാർന്ന ഛായാഗ്രഹണവും സംവേദനവുമാണ് ആളുകൾക്ക് ഏറെ ഇഷ്ടമായത്. ഈ ചിത്രത്തിന്റെ രാണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
കുറച്ചുവർഷങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ എന്ന സിനിമ വരുന്നു എന്ന് പ്രഖ്യാപനം നടന്നത്. ഇപ്പോൾ ഇതിനെക്കുറിച്ചുള്ള പുതിയ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്ക് പേജിലാണ് കുറിപ്പ്.
കഴിഞ്ഞ മാർച്ച് 26 ന് ബിലാൽ ചിത്രീകരണം ആരംഭിക്കാനിരിക്കുകയായിരുന്നു.കൊവിഡ് 19നെതുടർന്ന് ചിത്രീകരണം മാറ്റി വച്ചു, അത് ആരാധകരെ നിരാശയിലാക്കി എന്നാണ് മനോജ് കെ ജയൻ പറയുന്നത്. പൂർവ്വാധികം ശക്തിയോടെ ബിലാലും പിള്ളേരും വരും തീർച്ച എന്നാണ് കുറിച്ചിരിക്കുന്നത്. കൂടെ ബിഗ്ബിയു'ടെ പോസ്റ്ററും പോസ്റ്റ് ചെയ്തിരിക്കുകയാണ്.
ബിലാലിനായി ഗോപിസുന്ദർ സംഗീതം ചെയ്യാനാരംഭിച്ചതായി നേരത്തേ തന്നെ പറഞ്ഞിരുന്നു. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും, വരത്തൻ വൈറസ് എന്നീ ചിത്രങ്ങളു'ടെ തിരക്കഥ എഴുതിയ ഷറഫുവും സുഹാസും ചേർന്നാണ് ബിലാലിന് തിരക്കഥ എഴുതുന്നത്. കാതറീൻ ട്രീസയാണ് ചിത്രത്തിലെ നായിക എന്നാണ് പുറത്തുവരുന്ന വാർത്തകൾ..