കൊവിഡ് പ്രതിസന്ധിയിൽ വഴിമുടങ്ങിയ സിനിമാമേഖലയെ കരകയറ്റാനുള്ള ശ്രമത്തിൽ പ്രതിഫലം കുറയ്ക്കുന്ന താരങ്ങളിൽ കീർത്തി സുരേഷും. ഇനി ഇറങ്ങുന്ന സിനിമകളിൽ നിലവിലുള്ള പ്രതിഫലത്തേക്കാൾ മുപ്പത് ശതമാനം കുറച്ച് വാങ്ങാനാണ് താരത്തിന്റെ തീരുമാനം. മുൻനിര നായികമാരിൽ കീർത്തിയാണ് ആദ്യമായി പ്രതിഫലം കുറയ്ക്കുന്ന കാര്യം പറഞ്ഞിരിക്കുന്നത്.
കീർത്തി സുരേഷിന്റെ പുതിയ തമിഴ് ചിത്രം പെൻഗ്വിൻ കൊവിഡ് പ്രതിസന്ധിയിൽ തിയേറ്റർ റിലീസ് ഒഴിവാക്കി നേരിട്ട് ഒ ടി ടി പ്ലാറ്റ്ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കാർത്തിക് സുബ്ബരാജ് നിർമ്മിച്ച് ഈശ്വർ കാർത്തിക്ക് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലർ ചിത്രം ആമസോൺ പ്രൈമിലൂടെയാണ് ആളുകൾ കാണുക. ഈ മാസം 19 നാണ് റിലീസ്. നരേന്ദ്ര നാഥിന്റെ സംവിധാനത്തിൽ ഇറങ്ങുന്ന തെലുങ്ക് ചിത്രം മിസ്സ് ഇന്ത്യ യും കീർത്തി സുരേഷിന്റെതായി പുറത്തിറങ്ങാൻ ഉണ്ട്. അതേ സമയം മറ്റു ചില തമിഴ് ചലച്ചിത്ര പ്രവർത്തകരും പ്രതിഫലം കുറച്ചതായി വാർത്തൾ വന്നിരുന്നു. സംവിധായകൻ ഹരി, വിജയ് ആന്റണി,ഹരീഷ് കല്യാൺ തുടങ്ങിയവരാണ് പ്രതിഫലം കുറയ്ക്കുന്നതായി നേരത്തെ അറിയിച്ചത്..