photo
സിജുകുമാർ

കൊല്ലം: പരവൂരിൽ ബാറിലെ ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ സഹപ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കുമാര ഭവനിൽ സിജുകുമാറാണ് (35) പിടിയിലായത്. ബാറിലെ റസ്റ്റോറന്റ് മാനേജരായ കൊല്ലം ഓടനാവട്ടം വടയത്ത് വിനീഷ് ഭവനിൽ സുബിനെ (35) കുത്തിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം വൈകിട്ട് ഇരുവരും പരസ്പരം കളിയാക്കുകയും തുടർന്നുണ്ടായ വാക്കുതർക്കവുമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സുബിന്റെ കൈകൾക്കും തുടയിലും ആഴത്തിൽ മുറിവുണ്ട്. പരിക്കേറ്റ സുബിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടതുകൈയുടെ വിരലിന്റെ അസ്ഥി പുറത്തുവന്നതിനാൽ ഇന്നലെ പ്ലാസ്റ്റിക് സർജറിക്കും വിധേയനാക്കി.

ഒളിവിൽ പോയ പ്രതി വീട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പരവൂർ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ, വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ, വലിയതുറ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പ്രതിക്കെതിരെ നിരവധി കേസുകളുണ്ട്. വലിയതുറയിൽ ഒരാളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരു വർഷം മുൻപ് സിജുകുമാർ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പരവൂർ പൊലീസ് കഴിഞ്ഞ വർഷവും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. സജികുമാറിനെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.