photo

കൊല്ലം: വിശ്വാസങ്ങളുടെ ഭാഗമായ കടമ്പ് കുണ്ടറയിലും പൂവിട്ടു. കുണ്ടറ പെരുമ്പുഴ ചിറയടി ശ്രീ മഹാദേവർ ക്ഷേത്രത്തിലെ കടമ്പ് മരമാണ് പൂവിട്ടത്. ചുറ്റമ്പലത്തിന് വെളിയിലാണ് കടമ്പ് മൂടുറപ്പിച്ചിട്ടുള്ളത്. എന്നാൽ മരത്തിന്റെ ഒരു കൊമ്പ് ചുറ്റമ്പലത്തിനകത്തേക്ക് തണൽ വിരിയ്ക്കുന്നുണ്ട്. ഈ കൊമ്പിൽ മാത്രമാണ് പൂക്കൾ വിരിഞ്ഞതെന്നതാണ് മറ്റൊരു കൗതുകം. ഗോളാകൃതിയിലാണ് കടമ്പിന്റെ പൂവ്. മരത്തിന് കദംബവൃക്ഷമെന്നും പേരുണ്ട്.

മഹാഭാരത കഥയിലും ഭാഗവതത്തിലും മറ്റ് പുരാണങ്ങളിലും കടമ്പിന്റെ വിശേഷണങ്ങൾ പരാമർശിക്കുന്നുണ്ട്. കാളിയ മർദ്ദനവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രചാരമുള്ള കഥ. യമുനാ നദിയിൽ വസിച്ചിരുന്ന കാളിയൻ എന്ന സർപ്പത്തിന്റെ വിഷത്താൽ വൃന്ദാവനത്തിലെ മരങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞു. എന്നാൽ, തീരംതൊട്ടുനിന്ന കദംബ വൃക്ഷത്തിൽ മാത്രം വിഷമേറ്റില്ല. പച്ചപ്പോടെ നിന്ന കദംബ വൃക്ഷത്തിന് മുകളിൽ നിന്നാണ് കൃഷ്ണൻ കാളിയനെ വകവരുത്താനായി യമുനാ നദിയിലേക്ക് ചാടിയതെന്നാണ് വിശ്വാസം. ഗരുഡൻ ദേവലോകത്തുനിന്ന് അമൃതുമായി വരുന്നവഴി യമുനാ നദിക്കരയിൽ നിൽക്കുന്ന കടമ്പ് മരത്തിൽ വിശ്രമിക്കാനിടയായെന്നും കുറച്ച് അമൃത് മരത്തിൽ വീണതുകൊണ്ടാണ് കാളിയന്റെ കൊടുംവിഷം മരത്തിൽ ഏൽക്കാഞ്ഞതെന്നും കഥകളുണ്ട്. കൃഷ്ണ ക്ഷേത്രങ്ങളിൽ കടമ്പ് വൃക്ഷത്തിന് സവിശേഷ പ്രാധാന്യവുമുണ്ട്. നല്ല സുഗന്ധമാണ് പൂക്കളുടെ പ്രത്യേകത. സുഗന്ധ തൈല നിർമ്മാണത്തിനും മറ്റും ഈ പൂക്കൾ ഉപയോഗിക്കാറുണ്ട്. തടി ശില്പ നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്.

ചിറയടി ശ്രീ മഹാദേവർ ക്ഷേത്രത്തിൽ അഞ്ച് വർഷമായി മഹാരുദ്രം നടന്നുവരികയാണ്. ആറാമത്തെ മഹാരുദ്രം നടക്കാനിരിക്കെയാണ് കടമ്പ് പൂവിട്ടത്. കൊറോണ വൈറസിനോട് സാമ്യമുള്ള പൂവ് കണ്ട് കുട്ടികൾ കൊറോണ പുവെന്ന് വിളിച്ചുതുടങ്ങിയതോടെയാണ് സമീപവാസികളും ശ്രദ്ധിച്ചു തുടങ്ങിയത്. ഏഴ് വർഷം മുൻപാണ് ക്ഷേത്രമുറ്റത്ത് കടമ്പിന്റെ തൈ നട്ടത്. ചിത്രശലഭങ്ങൾക്ക് ഏറെ പ്രിയങ്കരമാണ് കടമ്പിൻപൂക്കൾ. പുരാണങ്ങളിലെ കഥയുമായി ഈ മരത്തിന് ബന്ധമുണ്ട്. . പിന്നീട് കാളിയന്റെ വിഷമേറ്റ് യമുനാനദിക്കരയിലെ സസ്യങ്ങളെല്ലാം കരിഞ്ഞുപോയി. എന്നാൽ, കടമ്പുമരംമാത്രം ഉണങ്ങാതെനിന്നു. അമൃത് വീണതിനാലാണ് മരം ഉണങ്ങാതിരുന്നതത്രെ.