കൊല്ലം: ചവറ - ശാസ്‌താംകോട്ട പ്രധാന പാതയിൽ ആഞ്ഞിലിമൂട് മുതൽ പൊട്ടക്കണ്ണൻ മുക്ക് വരെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോഡും വശങ്ങളും തമ്മിലുള്ള ഉയരവ്യത്യാസം പരിഹരിക്കാൻ മണ്ണിട്ട് നിരപ്പാക്കൽ ആരംഭിച്ചു. നിർമ്മാണം പൂർത്തിയായപ്പോൾ റോഡും വശങ്ങളും തമ്മിൽ രണ്ടടിയിൽ അധികം ഉയരവ്യത്യാസമുണ്ടായിരുന്നു. വശങ്ങളിലേക്ക് ഒതുക്കുന്ന ബൈക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഉയരവ്യത്യാസം മൂലം നിലതെറ്റി താഴേക്ക് വീഴുന്നത് പതിവായതോടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ യാത്രക്കാരും പ്രദേശവാസികളും പ്രതിഷേധം ആരംഭിച്ചിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി കേരളകൗമുദി പത്രം തുടർച്ചയായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. താലൂക്കിലെ 5 റോഡുകൾ 72 കോടി രൂപ മുടക്കി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പൊട്ടക്കണ്ണൻമുക്ക് മുതൽ ആഞ്ഞിലിമൂട് വരെ രാജ്യാന്തര നിലവാരത്തിൽ പുതിയ റോഡ് നിർമ്മിച്ചത്. ഒരു കിലോമീറ്റർ റോഡിന് ഒരു കോടി രൂപയാണ് നിർമ്മാണച്ചെലവ്.
വശങ്ങളിൽ തറയോട് പാകും
റോഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ വശങ്ങളിൽ തറയോട് പാകുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ അറിയിപ്പ്. നിലവിലെ അപകട സാഹചര്യം പരിഹരിച്ച ശേഷം വൈകാതെ തറയോട് പാകിത്തുടങ്ങും.
താലൂക്കിലെ 5 റോഡുകൾ 72 കോടി രൂപ മുടക്കി ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് പൊട്ടക്കണ്ണൻമുക്ക് മുതൽ ആഞ്ഞിലിമൂട് വരെ പുതിയ റോഡ് നിർമ്മിച്ചത്.
അപകടങ്ങൾ നിരവധി
യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി ബസ്, കുഞ്ഞുമായി പോയ കാർ, ലോറി, ബൈക്കുകൾ തുടങ്ങി ഒട്ടനവധി വാഹനങ്ങളാണ് നില തെറ്റി വശങ്ങളിലെ കുഴിയിലേക്ക് വീണത്. റോഡിന് ഇരുവശങ്ങളിലുമുള്ള വീടുകളിൽ നിന്ന് വാഹനങ്ങൾ റോഡിലേക്ക് കയറ്റാനും വളരെ പ്രയാസപ്പെട്ടിരുന്നു. വീട്ടുകാർ സ്വന്തം നിലയിൽ മണ്ണിട്ടാണ് വാഹനങ്ങൾ റോഡിൽ കയറ്റാൻ വഴിയൊരുക്കിയത്.
പാർശ്വ ഭിത്തി നിർമ്മിക്കും
ദിവസങ്ങൾക്ക് മുമ്പാണ് ഇവിടെ വലിയ തോതിൽ മണ്ണിറക്കി ഉയരവ്യത്യാസം പരിഹരിക്കാൻ അധികൃതർ നടപടി ആരംഭിച്ചത്. അപകട സാദ്ധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ പാർശ്വ ഭിത്തികളും നിർമ്മിക്കുന്നുണ്ട്. മണ്ണിട്ട് നിരപ്പാക്കുന്നത് പൂർത്തിയാകുന്നതോടെ വശങ്ങളിലെ കുഴികളിലേക്ക് വാഹനങ്ങൾ വീണ് അപകടങ്ങൾ സംഭവിക്കുന്നതിന് അറുതിയാകും.