തളിരണിഞ്ഞ് വിത്തുകൾ
കൊല്ലം: ഓണത്തിന് ഒരുമുറം പച്ചക്കറിയെന്ന പഴയ ചൊല്ലൊക്കെ മാറ്റിവച്ച് അതിലേറെ വിളിവെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ജില്ല. ഓണവിപണി ലക്ഷ്യമിട്ട് ലോക്ക് ഡൗൺ കാലത്ത് വിപുലമായ കൃഷിയാണ് ആരംഭിച്ചത്. പച്ചക്കറികൾ, ഏത്തവാഴ, നെല്ല്, പയർ വർഗങ്ങൾ തുടങ്ങി എല്ലാ വിധ കൃഷികളും സജീവമായി.
തരിശ് കിടന്ന പാടശേഖരങ്ങൾ കൂടി ഏറ്റെടുത്ത് കർഷകർ കൃഷിയിറക്കിയപ്പോൾ തരിശ് കരഭൂമികളിൽ കൃഷിയിറക്കാൻ സുഭിക്ഷ കേരളം പദ്ധതിയിലൂടെ വിവിധ കൂട്ടായ്മകളും തയ്യാറായി. ഇതോടെ ഓണവിപണിയിൽ ജില്ലയുടെ തനത് കാർഷിക ഉൽപാദനം വർദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് പരമ്പരാഗത കർഷകർ. മറുനാടൻ ഇനങ്ങൾ താരതമ്യേന കുറഞ്ഞവിലയിൽ വൻ തോതിൽ എത്തുന്നുണ്ടെങ്കിലും പൊതുവെ നാടൻ ഉൽപന്നങ്ങൾക്ക് വിപണിയിൽ താൽപര്യം കൂടുതലാണ്.
പാടങ്ങളിൽ പച്ചക്കറിയും പയറും
വർഷങ്ങൾക്ക് മുമ്പ് ജില്ലയിലെ കരയിലും പാടത്തും ചെറുപയർ, വൻപയർ, മുതിര എന്നിവ വൻ തോതിൽ കൃഷി ചെയ്‌തിരുന്നു. പിൽക്കാലത്ത് ഏതാണ്ട് പൂർണമായും ഇല്ലാതായ ഇത്തരം കൃഷികൾ മടങ്ങിവരവിനുള്ള ശ്രമത്തിലാണ്. പല ഭാഗങ്ങളിലും ലോക്ക് ഡൗണിന് മുമ്പ് തന്നെ പയർ കൃഷി ചെയ്യാൻ കർഷകർ തയ്യാറായി. നാടൻ കാർഷിക ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിൽ ജില്ലയിൽ വിളവെടുത്ത വൻപയർ വിൽപ്പനയ്ക്കെത്തുന്നത് ശുഭസൂചനയാണ്. കിലോയ്ക്ക് നൂറ് രൂപയാണ് നാടൻ വൻപയറിന് ഈടാക്കിയത്. മുളക്, വഴുതന, പാവൽ, പടവലം, വെണ്ട, വെള്ളരി തുടങ്ങി എല്ലാ തരത്തിലുള്ള പച്ചക്കറി ഇനങ്ങളും കൃഷിയിടങ്ങളിലുണ്ട്.
നാടാകെ പ്രതീക്ഷയുടെ പച്ചപ്പ്
1. ഏത്തക്കുലയ്ക്ക് കിലോയ്ക്ക് 74 രൂപ വരെ ലഭിച്ചത് കർഷകർക്ക് പ്രതീക്ഷയാണ്
2. വി.എഫ്.പി.സി.കെ വിപണികളിലൂടെയാണ് കർഷകർ കൂടുതൽ ഉൽപന്നങ്ങൾ വിൽക്കുന്നത്
3. ഓണക്കാലത്ത് കൃഷിയിടങ്ങളിൽ നിന്ന് തന്നെ വിൽപ്പന നടത്താനുള്ള ശ്രമങ്ങളും കർഷകർ നടത്തുന്നുണ്ട്
4. പാടശേഖരങ്ങൾ കേന്ദ്രീകരിച്ച് വിപണന കേന്ദ്രം ഒരുക്കാനും കർഷകർക്കിടയിൽ ആലോചന
5. ഓൺലൈൻ വിൽപ്പനകൾ സജീവമാക്കിയ കർഷകരും ധാരാളം
നെല്ല് ഉൽപാദനം വർദ്ധിക്കും
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നെൽകൃഷി ചെയ്യുന്നവരുടെ എണ്ണം ഇത്തവണ വർദ്ധിച്ചുവെന്നാണ് വിലയിരുത്തൽ. തരിശ് ഭൂമികളിൽ കര നെൽകൃഷിയും വ്യാപകമായി. ആഭ്യന്തരം ഉൽപാദനം കൊണ്ട് ഓണക്കാലത്തെ ജില്ലയുടെ ആവശ്യം പൂർത്തീകരിക്കാനാവില്ലെങ്കിലും കൂടുതൽ കർഷകർ നെൽകൃഷി ചെയ്യാൻ തയ്യാറാകുന്നത് പ്രതീക്ഷയാണ്. പ്രദേശികമായി നെൽകൃഷി ചെയ്യുന്ന കർഷകരിൽ നിന്ന് നെല്ലും അരിയും വാങ്ങാൻ ആവശ്യക്കാരേറെയാണ്.
''
ഓണ വിപണിയെ ലക്ഷ്യമിട്ടാണ് പച്ചക്കറി, ഏത്തവാഴ കൃഷി തുടങ്ങിയത്. പ്രതീക്ഷകൾക്കൊത്ത് ഉയർന്നാൽ കൃഷിയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. വിപണനത്തിന് തനത് മാർഗങ്ങളും നോക്കും.
ഡി.ആരോമൽ, യുവ കർഷകൻ