പോർട്ടിലെ എമിഗ്രേഷൻ സംവിധാനം വൈകുന്നു
കൊല്ലം: കൊല്ലത്ത് ഒരു പോർട്ടുണ്ടെന്ന് നേരത്തെ അന്താരാഷ്ട്ര കപ്പൽ കമ്പിനികൾക്കറിയില്ലായിരുന്നു. ഇപ്പോൾ രാജ്യാന്തര കപ്പൽ ഏജൻസികൾ കൊല്ലം പോർട്ടിൽ കപ്പൽ അടുപ്പിക്കട്ടേയെന്ന് ചോദിച്ച് തുടർച്ചയായി വിളിക്കുകയാണ്. പക്ഷെ എമിഗ്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ കൊല്ലം പോർട്ടിന് ലഭിക്കേണ്ട സൗഭാഗ്യങ്ങൾ കൊച്ചി തുറമുഖം തട്ടിയെടുക്കുകയാണ്.
നാല് മുതൽ എട്ട് മാസം വരെയാണ് കപ്പലുകളിലെ ജീവനക്കാരുടെ തൊഴിൽ കാലാവധി. കാലാവധി കഴിയുന്ന ജീവനക്കാരെ കപ്പൽ കടന്നുപോകുന്നതിനിടയിലുള്ള തുറമുഖങ്ങളിലിറക്കി അവിടെ നിന്ന് വിമാനങ്ങളിലാണ് നാട്ടിലേക്ക് അയയ്ക്കുന്നത്. പുതിയ ജീവനക്കാരെ കയറ്റുന്നതും ഇങ്ങനെയാണ്. കൊവിഡ് വന്ന വിമാനത്താവളങ്ങൾ അടച്ചതോടെ കാലാവധി കഴിഞ്ഞ തൊഴിലാളികളെ പുറത്തിറക്കാനും പുതിയവരെ കയറ്റാനുമാകാത്ത സ്ഥിതിയായി. പിന്നീട് ആകെയുള്ള മാർഗം പോകും വഴിയുള്ള പോർട്ടുകളിലിറക്കി കരമാർഗം നാട്ടിലെത്തിക്കുകയാണ്. ഈ ലക്ഷ്യത്തിലാണ് അന്താരാഷ്ട്രാ കപ്പൽ ചാലിനോട് ഏറ്റവും അടുത്തുകിടക്കുന്ന കൊല്ലം പോർട്ടിലേക്ക് നിരന്തരം അന്വേഷണങ്ങളെത്തുന്നത്.
കൊല്ലം പോർട്ട് അധികൃതരുടെ ആവശ്യത്തെ തുടർന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം കൊല്ലത്ത് എമിഗ്രേഷൻ പോയിന്റ് അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് രണ്ടുമാസം മുൻപ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി സംസ്ഥാന തുറമുഖ വകുപ്പിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊല്ലത്ത് എമിഗ്രേഷൻ പോയിന്റ് പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടു. എല്ലാ സൗകര്യങ്ങളും സജ്ജമാണെന്ന റിപ്പോർട്ട് മൂന്നാഴ്ച മുൻപ് സമർപ്പിച്ചിട്ടുണ്ട്. നാല് മാസം മുൻപും സമാനമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നൽകിയിരുന്നു. എമിഗ്രേഷൻ സൗകര്യം ഇല്ലാത്തതിനാൽ എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും ചരക്ക് കപ്പലുകൾ പൊലും കൊല്ലത്ത് അടുപ്പിക്കാനാകാത്ത സ്ഥിതിയാണ്.
എമിഗ്രേഷൻ പോയിന്റ്
കേന്ദ്രത്തോട് ആവശ്യപ്പെട്ടത്: 4 മാസം മുൻപ്
വീണ്ടും ആവശ്യപ്പെട്ടത്: 2 മാസം മുൻപ്
(കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടു)
റിപ്പോർട്ട് സമർപ്പിച്ചത്: 3 ആഴ്ച മുൻപ്
കപ്പൽ ജീവനക്കാർ
തൊഴിൽ കാലാവധി: 4 - 8 മാസം
''
കഴിഞ്ഞ മാർച്ചിൽ ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗിനെ നേരിൽ കണ്ട് കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന തുറമുഖ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
ക്യാപ്ടൻ ഹരി വാര്യർ
പോർട്ട് ഓഫീസർ