ഉദ്ഘാടനം ഓണത്തിന് മുൻപ്
കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ 'സായന്തനം' എന്ന പേരിലുള്ള വൃദ്ധസദനം ഓണത്തിന് മുൻപായി പുത്തൂരിൽ പ്രവർത്തനം തുടങ്ങും. വൃദ്ധസദനത്തിനായി പുത്തൂർ പഴയചിറയിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയുടെ കോൺക്രീറ്റ് പൂർത്തിയായി. രണ്ടാം നിലയുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ ഇപ്പോഴുള്ള ഭരണസമിതിയുടെ കാലാവധി പൂർത്തിയാകും മുൻപ് ഉദ്ഘാടനം നടത്താനാണ് നീക്കം. ആദ്യ നിലയുടെ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി ഉദ്ഘാടനം നടത്താമെന്നാണ് കണക്കുകൂട്ടൽ. ശേഷിക്കുന്ന ജോലികൾ അതിനൊപ്പംതന്നെ നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന വയോജനങ്ങളെ സംരക്ഷിക്കാനും ഭക്ഷണവും വസ്ത്രവും ചികിത്സയും മറ്റ് സൗകര്യങ്ങളും നൽകാനുമാണ് ലക്ഷ്യമിടുന്നത്. അവർക്ക് മാനസിക ഉല്ലാസത്തിന് ഉതകുന്ന പരിപാടികളും അന്തരീക്ഷവും ഇവിടെ ഒരുക്കും. കൂടുതൽ സർക്കാർ സഹായം ലഭ്യമാക്കി അത്യാധുനിക സംവിധാനങ്ങളും ഏർപ്പെടുത്തും.
1.5 കോടി രൂപയുടെ പദ്ധതി
ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് 'സായന്തനം' എന്ന പേരിൽ വൃദ്ധസദനം സ്ഥാപിക്കുന്നത്. 4500 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്.
പവിത്രേശ്വരം ഗ്രാമ പഞ്ചായത്ത് പുത്തൂർ പഴയചിറയിലെ 60 സെന്റ് ഭൂമി ഇതിനായി വിട്ടുനൽകിയതാണ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിനോട് ചേർന്ന പഴയ ചിറയുടെ ഭാഗമായിരുന്നു ഈ ഭൂമി. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണച്ചുമതല.
ലോക്ക് ഡൗൺ തടസം നീങ്ങിയതിനാൽ നിർമ്മാണം പുരോഗമിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ ഒരു മാതൃകാ പ്രോജക്ടായി സായന്തനം മാറും. ഒറ്റപ്പെടുന്നവർക്ക് ഇതൊരു ആശ്വാസ കേന്ദ്രമായി മാറട്ടെ. കൂടുതൽ ഹൈടെക് സംവിധാനങ്ങളെത്തിക്കാൻ ശ്രമം നടത്തിവരുകയാണ്"-
എസ്. പുഷ്പാനന്ദൻ, ജില്ലാ പഞ്ചായത്തംഗം