photo
അഖിലും അമ്പിളിയും തങ്ങളുടെ ഒറ്റമുറി വീടിനു മുന്നിൽ

കൊല്ലം: അഖിൽ പഠിക്കുന്നത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. അച്ഛനില്ലാത്ത വീട്ടിൽ അമ്മയ്ക്കൊപ്പം കഴിയാൻ നല്ലൊരു വീടും അഖിലിന്റെ സ്വപ്നമാണ്. പൂയപ്പള്ളി ഗവ. ഹൈസ്കൂളിലെ പത്താം ക്ളാസ് വിദ്യാ‌ർത്ഥിയാണ് വെളിനല്ലൂർ അമ്പലംകുന്ന് കിളിയൂർ അഖിൽ ഭവനിൽ എസ്. അഖിൽ. ഓൺലൈൻ പഠനത്തിന് ടി.വി നൽകാൻ വിവിധ സംഘടനകൾ തയ്യാറായി വന്നപ്പോഴാണ് അഖിലിനെയും ആ പട്ടികയിൽ ഉൾപ്പെടുത്തിയത്. പക്ഷെ ടി.വി കിട്ടിയാൽ വൈദ്യുതി ഇല്ലാത്ത വീട്ടിൽ എന്ത് ചെയ്യുമെന്ന് അഖിൽ ചോദിച്ചപ്പോഴാണ് സ്കൂൾ അധികൃതരും പത്താംക്ളാസ് വിദ്യാർത്ഥിയുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞത്. കൂട്ടുകാരൊക്കെ ഓൺലൈൻ പഠനത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ പഠിക്കാൻ ആഗ്രഹമുള്ള അഖിലിന് സങ്കടപ്പെടാനേ കഴിയുന്നുള്ളൂ. അച്ഛനുപേക്ഷിച്ച വീട്ടിൽ അമ്മ അമ്പിളിയ്ക്കൊപ്പം (39) അരപ്പട്ടിണിയിലാണ് അഖിൽ വളരുന്നത്. കുടുംബ ഓഹരിയായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിൽ പേരിനൊരു കൂരകെട്ടിയാണ് അമ്പിളിയും മകനും താമസിക്കുന്നത്. വീടെന്ന് വിളിക്കാനാകില്ല. സിമന്റ് കട്ടയും തകരഷീറ്റും പ്ളൈവുഡും ചേർത്തൊരുക്കിയ ചെറിയൊരു ഷെഡ്. വെളിച്ചത്തിനായി ആശ്രയം മണ്ണെണ്ണ വിളക്കാണ്. പട്ടികജാതി കുടുംബമായിട്ടും ഇവർക്കൊരു വീട് നൽകാൻ അധികൃതർ കനിഞ്ഞില്ല. പതിനേഴ് വർഷമായി ഭർത്താവിന്റെ തുണയില്ലാതെ കഴിയുന്ന അമ്പിളി അഗതി പെൻഷന് അപേക്ഷിച്ചിട്ട് അതും പരിഗണിച്ചില്ല. കശുഅണ്ടി ഫാക്ടറിയിൽ നിന്ന് ലഭിക്കുന്ന തുച്ഛ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ഫാക്ടറി പൂട്ടിയതോടെ ചെറുകിട ജോലികൾക്ക് പോയാണ് അമ്പിളിയും മകനും കഴിഞ്ഞുകൂടുന്നത്.