pho
ചെമ്മന്തൂരിൽ നിർമ്മാണം ആരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിനുളളിലൂടെ തോടിന്റെ ദിശമാറ്റി ഒഴുക്കി വിടാൻ പണിയുന്ന കൂറ്റൻ കോൺക്രീറ്റ് തോട്

പുനലൂർ: നഗരസഭയുടെ നിയന്ത്രണത്തിൽ ചെമ്മന്തൂർ ശ്രീനാരായണ കോളേജിനടുത്ത് നിർമ്മാണം ആരംഭിച്ച ഇൻഡോർ സ്റ്റേഡിയത്തിനായി സമീപത്തെ തോട് ദിശമാറ്റി ഒഴുക്കും. ഇളമ്പലിൽ ആരംഭിച്ച് ആരംപുന്ന വഴി ചെമ്മന്തൂർ മുരുകൻ കോവിൽ റോഡിനടുത്തുകൂടി കടന്നുപോകുന്ന തോടാണ് സ്റ്റേഡിയത്തിനുള്ളിലൂടെ തിരിച്ച് വെട്ടിപ്പുഴ തോട്ടിലേക്ക് കടത്തി വിടാൻ ശ്രമിക്കുന്നത്. തോട്ടിൽ നിന്ന് കൂറ്റൻ കോൺക്രീറ്റ് ഓട പണിത് അതിനുള്ളിലൂടെ വെള്ളം വെട്ടിപ്പുഴ തോട്ടിലേക്ക് ദിശമാറ്റി ഒഴുക്കനാണ് നീക്കം. എന്നാൽ നൂറ്റാണ്ടുകൾ പഴക്കമുള്ള തോടിന്റെ ദിശ മാറ്റുന്നതെന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരടക്കം രംഗത്തെത്തിയിട്ടുണ്ട്.

നാട്ടുകാരുടെ പ്രതിഷേധം

തോടിന്റെ ദിശമാറ്റി ഒഴുക്കുന്നത് സമീപവാസികൾക്ക് മനസിലാകാതിരിക്കാൻ ആദ്യം സ്റ്റേഡിയത്തിനുള്ളിൽ കോൺക്രീറ്റ് തോടിന്റെ നിർമ്മാണമാണ് കരാറുകാർ പൂർത്തിയാക്കിയത്. തുടർന്നാണ് തോട്ടിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വെട്ടിപ്പുഴ തോട്ടിലേക്ക് തിരിച്ചു വിടാനുള്ള ജോലികൾ ആരംഭിച്ചത്. ഇത് മനസിലാക്കിയ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇത് കൂടാതെ സ്റ്റേഡിയത്തിന്റെ അടിയിലൂടെ കോൺക്രീറ്റ് ചെയ്ത തോട് കടന്ന് പോയാൽ സ്റ്റേഡിയത്തിന് ബലക്ഷയം നേരിടുമെന്ന ആശങ്കയുമുണ്ട്

നിർമ്മാണം 5 കോടി രൂപ ചെലവിൽ

അരനൂറ്റാണ്ടായുള്ള കായിക പ്രേമികളുടെ ആവശ്യത്തെ തുടർന്നാണ് നഗരസഭയുടെ നിയന്ത്രണത്തിൽ ചെമ്മന്തൂരിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നത്. 5കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം ഉയരുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു നിർമ്മാണ ഉദ്ഘാടനം.

നിർമ്മാണം ആരംഭിച്ചിട്ട്: 2 മാസം

ചെലവ്: 5 കോടി രൂപ