photo
സൂരജിനെ സുരേഷിനെ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിച്ചപ്പോൾ

അഞ്ചൽ: ഉത്രവധക്കേസിലെ പ്രതികളായ ഭർത്താവ് സൂരജിനെയും സഹായി ചാവർകോട് സുരേഷിനെയും 23 വരെ പുനലൂർ കോടതി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ വിട്ടു. ഇന്നലെ ഉച്ചയോടെ അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ കൊണ്ടുവന്ന പ്രതികളെ പുനലൂർ ഡി.എഫ്.ഒ, അഞ്ചൽ റേഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നു.

വരും ദിവസങ്ങളിൽ ഏറത്തെ ഉത്രയുടെ വീട്, കല്ലുവാതുക്കൽ, സൂരജിന്റെ പറക്കോട്ടെ വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും. ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ കേസിൽ ശാസ്ത്രീയ തെളിവെടുപ്പിനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. തെളിവുകൾ ശേഖരിക്കാൻ വനം വകുപ്പിന്റെ ഗവേഷകനെ നിയോഗിക്കും. ഇത് സംബന്ധിച്ച് ഫോറസ്റ്റിന്റെയും പൊലീസിന്റെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തി.

കേസന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്ന കൊല്ലം റൂറൽ എസ്.പി ഹരിശങ്കർ, പ്രത്യേക അന്വേഷണ സംഘം തലവൻ റൂറൽ അഡി. എസ്.പി എസ്. മധുസൂദനൻ, ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എസ്. അശോകൻ തുടങ്ങിയവർ കഴിഞ്ഞ ദിവസം ഡി.ജി.പിയെ കണ്ട് കേസ് സംബന്ധിച്ച വിവരങ്ങൾ ധരിപ്പിച്ചിരുന്നു.