സ്വകാര്യ ബസുകൾ ആനവണ്ടിയേക്കാൾ കഷ്ടത്തിൽ
കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളുടെ മുന്നിലും പിന്നിലും ഓടി യാത്രക്കാരെ റാഞ്ചിപ്പറന്നിരുന്ന സ്വകാര്യ ബസുകളുടെ സ്ഥിതി കൂടുതൽ ദയനീയമാകുന്നു. പ്രധാന സമയങ്ങളിൽ മാത്രം സർവീസ് നടത്തിയും ഒരു കണ്ടക്ടറെ ഒഴിവാക്കിയും ചെലവ് കുറച്ചിട്ടും ഉടമകളുടെ പോക്കറ്റിൽ നിന്ന് ദിവസം ആയിരം മുതൽ മൂവായിരം രൂപ വരെ ഇറങ്ങുകയാണ്.
ജില്ലയിൽ 850 ഓളം സ്വകാര്യ ബസ് പെർമിറ്റുകളാണുള്ളത്. ഏത് സ്റ്റോപ്പിൽ നിന്നാലും കുറഞ്ഞത് രണ്ട് മിനിറ്റിനുള്ളിലെങ്കിലും സ്വകാര്യ ബസ് എത്തുമായിരുന്നു. ഇപ്പോൾ ഒരു മണിക്കൂർ കാത്ത് നിന്നാലും സ്വകാര്യ ബസുകൾ കാണാനില്ല. പരീക്ഷണാർത്ഥം നിരത്തിലിറങ്ങുന്ന ബസുകളെല്ലാം രണ്ട് ദിവസത്തിനുള്ളിൽ ഒതുക്കുകയാണ്. നേരത്ത ആറായിരം രൂപയ്ക്കുള്ളിൽ വരുമാനം ലഭിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ആയിരം രൂപയുടെ ടിക്കറ്റ് പോലും വിൽക്കാത്ത ബസുകളുണ്ട്. അപൂർവം ചില ബസുകൾക്ക് അയ്യായിരം രൂപയ്ക്ക് അടുത്ത് ലഭിക്കുന്നുണ്ട്. അയ്യായിരം കിട്ടുന്ന ബസുകൾക്ക് പോലും തൊഴിലാളികളുടെ ഒരാളുടെ ശമ്പളം മുതലാളി കൈയിൽ നിന്നാണ് കൊടുക്കുന്നത്. അറ്റകുറ്റപ്പണിക്കും സ്പെയർപാർട്സിനും ഉള്ള ചെലവ് വേറെ.
യാത്രക്കാരുടെ കുറവാണ് സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധി. കൊവിഡിനെ ഭയന്ന് ഭൂരിഭാഗം പേരും സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുകയാണ്.
സ്വകാര്യ ബസുകൾ
ജില്ലയിൽ: 850 ഓളം
ഒരുദിവസത്തെ നഷ്ടം: 1,000 - 3,000 രൂപ
(ചെലവ് കുറച്ചിട്ടും)
ബസുകളുടെ ഇടവേള: 2 മിനിറ്റ്
(എത്തിയിരുന്നത്)
ഇപ്പോൾ: 1 മണിക്കൂർ
(വന്നാൽ വന്നു)
"
ബസുകൾ ഓടുന്നത് കാണുമ്പോഴെങ്കിലും യാത്രക്കാരുടെ മനസ്ഥിതി മാറുമെന്ന് കരുതിയാണ് സർവീസ് തുടങ്ങിയത്. ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. സ്വകാര്യ ബസ് ഉടമകൾ പറഞ്ഞറിയിക്കാനാകാത്ത പ്രതിസന്ധിയിലാണ്.
ഉദയൻ, സ്വകാര്യ ബസ് ഉടമ, പരവൂർ