kottiyam-krishee-officer
മയ്യനാട് കൃഷിഭവനിലേക്ക് പ്രതിഷേധവുമായെത്തിയവരോട് കൃഷി അസി. ഡയറക്ടർ പ്രീത ചർച്ച നടത്തുന്നു

കൊട്ടിയം: മയ്യനാട് കൃഷിഭവനിൽ അടിയന്തരമായി കൃഷി ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ മയ്യനാട് കൃഷിഭവൻ ഉപരോധിച്ചു. വിവരമറിഞ്ഞെത്തിയ കൃഷി അസിസ്റ്റന്റ് ഡയറക്ടറെ ഓഫീസിന് മുന്നിൽ സമരക്കാർ തടഞ്ഞുവച്ചു.

കൃഷി ഓഫീസർ ഇല്ലാത്തതിനാൽ മയ്യനാട് കൃഷിഭവൻ പരിധിയിൽ നിലം നികത്തൽ വ്യാപകമാണെന്നും കാർഷിക പദ്ധതികൾ നടക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. അടുത്ത ദിവസം തന്നെ പുതിയ കൃഷി ഓഫീസർചാർജ്ജെടുക്കുമെന്ന അസി. ഡയറക്ടറുടെ ഉറപ്പിൻമേലാണ് ഉപരോധം അവസാനിച്ചത്. ആർ.ടി.ഒയുടെയും പ്രാദേശിക നിരീക്ഷണ സമിതിയുടെയും അനുവാദമില്ലാതെ നിലംനികത്തൽ നടത്തിയിട്ടുണ്ടെങ്കിൽ പരിശോധിക്കാമെന്നും അസി. ഡയറക്ടർ പ്രീത അറിയിച്ചു.

ഡി.വി.ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമയനല്ലൂർ റാഫി, നാസർ എന്നിവരുടെ നേതൃത്വത്തിൽ കെ.ബി. ഷഹാൽ, സജീവ് ഖാൻ, ഇനാബ്, വിഷ്ണു, സാബു, ചക്കാലയിൽ ബഷീർ, കൃഷ്ണൻകുട്ടി എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.