-youtube

79 വയസ്സുണ്ട് ടിറ്റോ ചാർലി എന്ന പേരിൽ അറിയപ്പെടുന്ന കാർലോസ് എലിസോണ്ടോയ്ക്ക്. മെക്സിക്കോ നഗരത്തിലെ മൊൺട്രരെ എന്ന് പേരുള്ള നഗരത്തിൽ ഒരു പലചരക്ക് കടയിൽ ആയിരുന്നു ചാർളി അപ്പൂപ്പന്റെ ജോലി. അപ്രതീക്ഷിതമായി കൊവിഡ് വൈറസിന്റെ കടന്നു വരും തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണും ചാർളി അപ്പൂപ്പന്റെ ജോലി തെറിപ്പിച്ചു. എന്നും കരുതി വെറുതേയിരിക്കാനൊന്നും ചാർലി അപ്പൂപ്പനെ കിട്ടില്ല.

കൊച്ചുമക്കളേയും കൂട്ടി ഒരു യൂട്യൂബ് ചാനൽ തുടങ്ങി ചാർളി അപ്പൂപ്പൻ. വിഷയം പാചകം. കഴിഞ്ഞ മാസം 25-ാം തീയതിയാണ് തന്റെ ആദ്യ പാചക വീഡിയോ ചാർളി അപ്പൂപ്പൻ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇതുവരെ 8 വിഡിയോകൾ മാത്രം പോസ്റ്റ് ചെയ്ത ചാർളി അപ്പൂപ്പന്റെ 'ടിറ്റോ ചാർലി' എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേർസ് ഇപ്പോൾ എത്രയെന്നോ? 4 ലക്ഷത്തിനടുത്ത്. യൂട്യൂബിൽ എവിടെ നോക്കിയാലും പാചക ചാനലുകളുള്ളപ്പോൾ ചാർലി അപ്പൂപ്പന്റെ ചാനലിന് എന്താണ് പ്രത്യേകതയെന്ന് ചോദിച്ചാൽ ഇറച്ചിയും ചീസും ഉപയോഗിച്ചുള്ള സാധാരണ ഭക്ഷണങ്ങളാണ് അപ്പൂപ്പൻ പാചകം ചെയ്യുന്നത്.

പ്രസരിപ്പോടെയുള്ള അപ്പൂപ്പന്റെ അവതരണമാണ് പ്രശംസ പിടിച്ചു പറ്റുന്നത്. സ്പാനിഷിലാണ് അപ്പൂപ്പൻ വിഡിയോയിൽ സംസാരിക്കുന്നത്. കൂടുതൽ പേരും അപ്പൂപ്പന്റെ അവതരണം കാണാനാണ് 'ടിറ്റോ ചാർലി' പേജ് സന്ദർശിക്കുന്നത്. 3 മക്കളും, 6 പേരക്കുട്ടികളുമുള്ള ചാർളി അപ്പൂപ്പന്റെ ഇളയ മകൾ ആണ് വീഡിയോ ഷൂട്ട് ചെയ്യുന്നതും യൂട്യൂബിൽ അപ്പ്ലോഡ് ചെയ്ത് അപ്പൂപ്പനെ പ്രശസ്തനാക്കുന്നതും.